വിദേശ ബാങ്കുകളും സ്ഥാപനങ്ങളും പിന്തുണ തുടരുമോ? ആശങ്കയുടെ നിഴലിൽ അദാനി ഗ്രൂപ്പ്
text_fieldsന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ യു.എസ് നീതി ന്യായ വകുപ്പിന്റെ കൈക്കൂലി ആരോപണത്തിനും കുറ്റപത്രത്തിനും പിന്നാലെ ആശങ്കയുടെ നിഴലിൽ അദാനി ഗ്രൂപ്പ്. കമ്പനിയുമായി ഭാവി ഇടപാടുകൾക്ക് തയ്യാറായ പല വിദേശ കമ്പനികളും പിൻമാറുകയോ തൽക്കാലത്തേക്ക് മരവിപ്പിക്കുകയോ ചെയ്യുന്നത് തുടരുകരാണ്.
ഫ്രഞ്ച് ഓയിൽ ആന്‍റ് എനർജി പവർഹൗസായ ‘ടോട്ടൽ എനർജീസ്’ ആരോപണങ്ങളുടെ അനന്തരഫലങ്ങൾ അറിയുന്നതുവരെ അദാനി ഗ്രൂപ്പിലേക്കുള്ള പുതിയ നിക്ഷേപങ്ങളും പേയ്‌മെന്‍റുകളും മരവിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 19.75 ശതമാനം ഓഹരിയുള്ള ഓഹരി ഉടമയായ അദാനി ഗ്രീൻ എനർജി (എ.ജി.എൽ) അഴിമതി അന്വേഷണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ടോട്ടൽ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളം ഗ്യാസ് വിതരണ ശൃംഖല അതിവേഗം വിപുലീകരിക്കുന്ന സംയുക്ത സംരംഭമായ അദാനി ഗ്യാസിൽ ‘ടോട്ടലി’ന് 37.4 ശതമാനം ഓഹരിയുണ്ട്.
അദാനി ഗ്രൂപ്പ് വ്യക്തികൾക്കെതിരായ ആരോപണങ്ങളും അവരുടെ അനന്തരഫലങ്ങളും വ്യക്തമാക്കുന്നതുവരെ കമ്പനികളിലെ നിക്ഷേപത്തിന്റെ ഭാഗമായി പുതിയ സാമ്പത്തിക സംഭാവനകളൊന്നും നൽകില്ലെന്ന് ഫ്രഞ്ച് ഭീമൻ പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തരം അഴിമതികളെയും തങ്ങൾ നിരാകരിക്കുന്നുവെന്ന് പറയുന്ന ടോട്ടൽ, ഏഷ്യൻ വികസനം ഉദ്ദേശിച്ചുള്ള തങ്ങളുടെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ അവലോകനം ചെയ്യേണ്ടി വന്നേക്കാമെന്ന സൂചനയും നൽകി. ടോട്ടൽ പ്രഖ്യാപനത്തിനു പിന്നാലെ എ.ജി.എൽ ഓഹരികൾ തിങ്കളാഴ്ച 11 ശതമാനത്തിലധികം ഇടിഞ്ഞു.
ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അഴിമതിയുടെ പേരിൽ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയവരിൽ ഉൾപ്പെടുന്നു എന്ന വാർത്തയെത്തുടർന്നുള്ള ഏറ്റവും പുതിയ തകർച്ചയിൽ എ.ജി.എൽ ഓഹരികളുടെ അഞ്ച് ദിവസത്തെ നഷ്ടം 34 ശതമാനത്തിലെത്തി. എന്നാൽ, പുതിയ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനുള്ള ടോട്ടൽ എനർജീസിൻ്റെ തീരുമാനം തങ്ങളുടെ പ്രവർത്തനങ്ങളിലും വളർച്ചാ പദ്ധതികളിലും കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് അദാനിഗ്രൂപ്പ് ചൊവ്വാഴ്ച പ്രതികരിച്ചു.
കച്ച് മരുഭൂമിയിലെ ‘ഖവ്ദ’ എനർജി പാർക്ക് ഉൾപ്പെടെയുള്ള ബൃഹത്തായ പദ്ധതികൾക്ക് എ.ജി.എൽ നേതൃത്വം നൽകുന്നുണ്ട്. ഇത് പൂർത്തിയാകുമ്പോൾ 30,000 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് സൗരോർജ്ജ-കാറ്റ് ഊർജ്ജ പദ്ധതികളുടെ ഒരു നിരയും ഇവിടെയുണ്ട്. ആഗോളതലത്തിൽ നേപ്പാൾ, ഭൂട്ടാൻ, കെനിയ, ടാൻസാനിയ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ പത്ത് ജിഗാ വാട്ട് ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള മെഗാ പദ്ധതികൾ എ.ജി.എൽ ലക്ഷ്യമിടുന്നുണ്ട്. ഇതിനെല്ലാമിടയിലാണ് കമ്പനിയുടെ ആത്മവിശ്വാസം തകർത്തുകൊണ്ട് യു.എസ് കുറ്റപത്രം വരുന്നത്.
യു.എസ് ആരോപണങ്ങൾക്ക് പിന്നാലെ കെനിയൻ സർക്കാർ കഴിഞ്ഞ ആഴ്ച രണ്ട് പ്രധാന അദാനി പദ്ധതികൾ റദ്ദാക്കി. ബംഗ്ലാദേശിൽ, അദാനി പവറുമായും മറ്റ് കമ്പനികളുമായുമുള്ള വൈദ്യുതി ഉൽപാദന കരാറുകൾ പരിശോധിക്കുന്ന പാനൽ മുൻ ഇടപാടുകളിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ ഒരു ആഗോള നിയമ സ്ഥാപനത്തെ സമീപിക്കാന ഇടക്കാല സർക്കാറിനോട് ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിനെ പിടിച്ചുകുലുക്കുന്ന പ്രതിസന്ധിയെ തുടർന്ന് മറ്റ് ആഗോള ബാങ്കുകളും കമ്പനിക്കുള്ള പുതിയ വായ്പ നിർത്തലാക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. അദാനി ഗ്രീനും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. കുറ്റപത്രത്തിന് ശേഷം 600 മില്യൺ ഡോളറിന്റെ ബോണ്ട് ഇഷ്യൂ കമ്പനി ഉപേക്ഷിച്ചു. മെയ് മാസത്തിൽ അഞ്ച് അന്താരാഷ്ട്ര ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് കമ്പനി 400 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിലും തങ്ങളുടെ സാമ്പത്തികം ശക്തമായി തുടരാൻ അദാനി ഗ്രൂപ്പ് സമ്മർദ്ദത്തിലാണ്. അടുത്ത 28 മാസത്തേക്കുള്ള ദീർഘകാല കടബാധ്യതകൾ നികത്താൻ പര്യാപ്തമായതിനേക്കാൾ 55,024 കോടി രൂപയുടെ ക്യാഷ് ബാലൻസ് ഉണ്ടെന്നാണ് കമ്പനിയുടെ വാദം. ‘ഓരോ ഗ്രൂപ്പ് കമ്പനികൾക്കും കുറഞ്ഞത് അടുത്ത 12 മാസത്തേക്കെങ്കിലും എല്ലാ ആവശ്യകതകളും നിറവേറ്റാൻ മതിയായ ദ്രവ്യതയുണ്ട്’-കമ്പനി പറഞ്ഞു.
അദാനി ടോട്ടൽ ഗ്യാസ് 13 സംസ്ഥാനങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നുണ്ട്. അത് തുടർന്നും വിപുലീകരിക്കാൻ ശ്രമിക്കുന്നു. നെറ്റ്വർക്കിന്റെ കൂടുതൽ വിപുലീകരണത്തിന് ധനസഹായം നൽകുന്നതിനായി അന്താരാഷ്ട്ര ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് കമ്പനി സെപ്റ്റംബറിൽ 375 മില്യൺ ഡോളർ (3,130 കോടി രൂപ) സമാഹരിച്ചിരുന്നു.
ഫണ്ടിംഗ് പ്രശ്‌നങ്ങളിൽ തങ്ങളുടെ അതിമോഹമായ മെഗാ-പ്രോജക്ടുകൾ നിലക്കില്ലെന്ന് നിക്ഷേപകർക്ക് ഉറപ്പുനൽകാൻ മത്സരിക്കുമ്പോൾ തന്നെ വിദേശ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഗ്രൂപ്പിനെ പിന്തുണക്കുന്നത് തുടരുമോ എന്നതാണ് ഇപ്പോൾ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.