അദാനി ഗ്രൂപ്പിന്റെ മാനദണ്ഡ ലംഘനം: സെബി വിവരശേഖരണം തുടങ്ങി
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെട്ട് സെബി വിവരശേഖരണം തുടങ്ങി. അമേരിക്കയിൽ നിയമനടപടിക്ക് വിധേയരാവുന്ന കാര്യം ഇന്ത്യയിലെ ഓഹരിയുടമകളെ അറിയിച്ചിരുന്നോ എന്ന കാര്യം സെബി പരിശോധിച്ചുവരുകയാണെന്നും രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് വിശദാംശം തേടിയെന്നുമാണ് റിപ്പോർട്ട്.
ഈ വിവരം രണ്ടാഴ്ചക്കകം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം തുടർനടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കാം.
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലക്ക് വാങ്ങാനായി ഇന്ത്യയിൽ വിവിധ ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി സ്വാധീനിച്ചതിൽ യു.എസ് അന്വേഷണം സംബന്ധിച്ച് മാർച്ച് 15ലെ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പ്രകാരമാണ് അന്വേഷണം. ചെയർമാനായ അദാനിക്കെതിരെ ഏതെങ്കിലും അന്വേഷണം നടക്കുന്നതായി അറിയില്ലെന്നാണ് അന്ന് കമ്പനി പ്രതികരിച്ചത്. തുടർന്ന്, മാർച്ച് 19ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ അമേരിക്കൻ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിക്കെതിരെ അന്വേഷണം നടക്കുന്നതായി അദാനി ഗ്രീൻ നിക്ഷേപകരെ അറിയിച്ചു.
എന്നാൽ, മാർച്ചിൽ ബ്ലൂംബെർഗിന് നൽകിയ മറുപടിയിൽ നടപടികൾ നിഷേധിച്ചത് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റപത്രത്തിൽ പറയുന്നത്. അദാനിയുടെ അനന്തരവനും അദാനി ഗ്രീൻ കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടറുമായ സാഗർ അദാനിക്ക് ഒരു വർഷം മുമ്പ് ഗ്രാൻഡ് ജൂറിക്ക് മുമ്പാകെ ഹാജരാകാനുള്ള നിർദേശവും സെർച്ച് വാറന്റും ലഭിച്ച കാര്യം കുറ്റപത്രത്തിലുണ്ട്.
സെബി സമയാസമയങ്ങളിൽ നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ വിപണിയിൽ ഉറപ്പുവരുത്തുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ പ്രധാന വിവരങ്ങളെല്ലാം നിക്ഷേപകരെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇതിൽ അദാനി വീഴ്ച വരുത്തിയോ എന്നാണ് പരിശോധിക്കുക. നേരത്തേ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിലും സെബി അന്വേഷണം ഇഴയുകയാണ്.
ഇന്ത്യയില്‍ കൈക്കൂലി നല്‍കിയത് മറച്ചുവെച്ച് ഫണ്ട് സമാഹരണം നടത്തിയെന്ന ആരോപണത്തില്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ (എസ്.ഇ.സി) കേസെടുത്തത് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍നിന്ന് ഫണ്ട് സമാഹരണം ഇനി എളുപ്പമായേക്കില്ല. കേസെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കയില്‍ കടപ്പത്രങ്ങളിറക്കി 5000 കോടിയോളം രൂപ സമാഹരിക്കാനുള്ള നീക്കം അദാനി ഗ്രൂപ് നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.