അദാനിയുടെ ദിവസ വരുമാനം 1000 കോടിയിലേറെ; എന്നാലും ഒന്നാമൻ മുകേഷ് അംബാനി തന്നെ
text_fieldsഅദാനി ഗ്രൂപ് മേധാവി ഗൗതം അദാനി കഴിഞ്ഞ ഒരു വർഷം പ്രതിദിനം നേടിയത് 1,000 കോടിയിലേറെ രൂപയുടെ വരുമാനം. കഴിഞ്ഞ വർഷം അദാനിക്ക് ആകെ ലഭിച്ചത് 3,65,700 കോടി രൂപ. 'ഹുറൂൺ ഇന്ത്യ-ഐ.ഐ.എഫ്.എൽ വെൽത്' പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിലാണ് ഈ വിവരം.
1000 കോടിയിലേറെ വരുമാനമുള്ള 1007 പേരാണ് രാജ്യത്തുള്ളത്. ഇതിൽ 13 പേർ ലക്ഷം കോടിയിലധികം സമ്പാദ്യമുള്ളവരാണ്. ഹുറൂൺ പട്ടികയിൽ പത്താം വർഷവും തുടർച്ചയായി റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് സമ്പന്നരിൽ ഒന്നാമത്. 7,18,000 കോടിയാണ് സമ്പാദ്യം. 2020നേക്കാൾ ഒമ്പത് ശതമാനം വർധന. തൊട്ടുപിന്നിലുള്ള അദാനി കുടുംബത്തിെൻറ സമ്പാദ്യം 5,05,900 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷത്തെ 1,40,200 കോടിയിൽനിന്ന് 261 ശതമാനം വർധനയാണ് ആസ്തിയിൽ അദാനി കുടുംബത്തിനുണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ അതി സമ്പന്നനായും ഗൗതം അദാനി മാറി.
എച്ച്.സി.എൽ ഉടമ ശിവ് നാടാറും കുടുംബവുമാണ് പട്ടികയിൽ മൂന്നാമത്. എസ്.പി ഹിന്ദുജ, എൽ.എൻ മിത്തൽ, സൈറസ് പൂനവാല എന്നിവരുടെ കുടുംബങ്ങൾ തൊട്ടുപിന്നിൽ. കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ പൂനവാല കുടുംബത്തിെൻറ സമ്പാദ്യത്തിൽ 74 ശതമാനം വർധനയുണ്ടായി. 31,300 കോടി സമ്പാദ്യത്തോടെ ഗോദ്റെജ് കുടുംബാംഗം സ്മിത വി. കൃഷ്ണയാണ് വനിതകളിലെ അതിസമ്പന്ന. തൊട്ടുപിന്നിൽ ബയോകോൺ മേധാവി കിരൺ മജൂംദാർ ഷായാണ് (28,200 കോടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.