അദാനി, രാഹുൽ വിഷയങ്ങളിൽ പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അവഹേളിച്ചതിന് നൽകിയ അവകാശ ലംഘന നോട്ടീസ് പരിഗണിക്കാതെ അവകാശ ലംഘനം നടത്തിയ ബി.ജെ.പി എം.പിയെ തലേന്നാൾ രാഹുലിനെതിരെ പറഞ്ഞതിന്റെ ബാക്കി പറയാൻ വിളിച്ചത് ലോക്സഭായിൽ വൻ പ്രതിഷേധത്തിനിടയാക്കി. അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് എം.പിമാരെ സംസാരിക്കാൻ അനുവദിക്കാതെ അവകാശലംഘനം നടത്തിയെന്ന ആരോപണം നേരിടുന്ന നിഷികാന്ത് ദുബെയെ വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
ഇതിനു പുറമെ അദാനിയിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തീർത്തു. അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ പാർലമെന്റ് സമ്മേളിക്കുംമുമ്പ് ‘മോദി-അദാനി ഭായി ഭായി’ എന്നെഴുതിയ മാസ്കുമായി ഭരണഘടനയേന്തി പാർലമെന്റ് കവാടത്തിൽനിന്ന് അംബേദ്കർ പ്രതിമയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
അദാനിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ബി.ജെ.പി ഭയക്കുന്നതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ അവഹേളിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ശൂന്യവേളയിൽ പറഞ്ഞതിന്റെ ബാക്കി പറയാൻ വെള്ളിയാഴ്ച നിഷികാന്ത് ദുബെയെ വിളിച്ചത് അസാധാരണ നടപടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. അവകാശ ലംഘനം നടത്തിയ ആളെ വീണ്ടും വിളിച്ചതിലൂടെ പാർലമെന്റ് നടത്തിക്കൊണ്ടുപോകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.