അദാനിക്കെതിരായ യു.എസ് അറസ്റ്റ് വാറണ്ടിന് ഹിൻഡൻബർഗ് റിപ്പോർട്ടിനേക്കാൾ പ്രഹരശേഷി
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും കൂട്ടാളികൾക്കും എതിരെ യു.എസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഹിൻഡൻ ബർഗ് റിപ്പോർട്ടിനേക്കാൾ ആഘാതം സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. യു.എസ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വ്യാഴാഴ്ച മാത്രം കമ്പനികളുടെ വിപണി മൂല്യം ഏകദേശം 3000 കോടി ഡോളർ ഇടിഞ്ഞത് അദാനി ഗ്രൂപ്പിനെ വിഴുങ്ങുന്ന വൻ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. അദാനി ബോണ്ടുകൾക്കും കനത്ത തിരിച്ചടി നേരിട്ടു. ബോണ്ട് മൂല്യങ്ങളിൽ മാത്രമായി ഗ്രൂപ്പിന് 1800 കോടി ഡോളർ വരെ നഷ്ടമുണ്ടായി. 600 മില്യൺ ഡോളറിന്റെ ബോണ്ട് ഓഫർ ഗ്രൂപ്പ് റദ്ദാക്കി.
അദാനി ഗ്രൂപ്പ് കമ്പനികളുടെ പവർ പ്ലാന്‍റുകൾ നിർമിക്കുന്നതിനും രാജ്യത്തെ പ്രധാന വിമാനത്താവളം കൈകാര്യം ചെയ്യുന്നതിനുമുള്ള കരാറുകൾ നൽകാനുള്ള പദ്ധതികൾ യു.എസ് കുറ്റപത്രത്തെ തുടർന്ന് കെനിയൻ സർക്കാർ അടിയന്തരമായി റദ്ദാക്കി. ആസ്‌ട്രേലിയയിൽ അദാനി ഗ്രൂപ്പ് കമ്പനികളിൽ 10 ബില്യൺ ഡോളർ നിക്ഷേപിച്ച ജി.ക്യു.ജി പാർട്ണേഴ്സിന്റെ ഓഹരികൾ 21 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഓഹരികൾ അവലോകനം ചെയ്യുകയാണെന്ന് അവർ അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ചെയർമാന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും കുറ്റപത്രം ഗ്രൂപ്പിന്റെ കമ്പനികൾക്ക് നെഗറ്റീവ് ക്രെഡിറ്റ് ആണെന്ന് ‘മൂഡീസ് റേറ്റിങ്സ്’ പ്രസ്താവിച്ചു.
2023ലെ സ്‌ഫോടനാത്മകമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനേക്കാൾ യു.എസ് കുറ്റപത്രംം വളരെ വലിയ തകർച്ചയുണ്ടാക്കുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ഗ്രൂപ്പിനുമേൽ ‘സ്റ്റോക്ക് കൃത്രിമത്വവും’ ‘അക്കൗണ്ടിങ് വഞ്ചനയും’ ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വലിയ തോതിൽ നേരിട്ട നഷ്ടം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, യു.എസിന്റെ ഏറ്റവും പുതിയ ആരോപണങ്ങൾ ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ അഭിലാഷങ്ങളെ തകിടം മറിക്കുകയും മൂലധന സമാഹരണ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും മറ്റ് ഇന്ത്യൻ കമ്പനികളുടെ അസോസിയേഷൻ മുഖേനയുള്ള ധനസമാഹരണ ശേഷിയെ കളങ്കപ്പെടുത്തുകയും ചെയ്യുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യു.എസ് അറ്റോർണി ഓഫിസിന് കേസുകളിൽ വളരെ ഉയർന്ന വിജയ സാധ്യതയാണുള്ളത്. 2022ൽ 89.5 ശതമാനം പ്രതികൾ കുറ്റം സമ്മതിക്കുകയും 8.2 ശതമാനം കേസുകൾ തള്ളുകയും ചെയ്തു. വിചാരണക്കു പോയ കേസുകളിൽ 1.9 ശതമാനം കുറ്റക്കാരാണെന്ന് വിധിച്ചു. അതേസമയം 0.4 ശതമാനം മാത്രമാണ് കുറ്റവിമുക്തരാക്കലിൽ അവസാനിച്ചത്. യു.എസ് അറ്റോർണിമാർ നിയന്ത്രിക്കുന്ന പ്രോസിക്യൂഷനുകളുടെ മൊത്തത്തിലുള്ള വിജയനിരക്ക് 90 ശതമാനത്തിലേറെയാണെന്ന് കാണിക്കുന്നു.
യു.എസ് നീതിന്യായ വകുപ്പിൽ നിന്നുള്ള ആരോപണങ്ങൾ കടുത്തതാണ്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകാനും നിക്ഷേപകരോടും ബാങ്കുകളോടും കള്ളം പറഞ്ഞ് കോടിക്കണക്കിന് ഡോളർ സമാഹരിക്കാനും നീതിക്ക് തടസ്സം സൃഷ്ടിക്കാനും ശ്രമിച്ചതായി കുറ്റപത്രം ആരോപിക്കുന്നു. അമേരിക്കൻ നിക്ഷേപകരുടെ ചെലവിൽ അഴിമതിയിലൂടെയും വഞ്ചനയിലൂടെയും വൻതോതിലുള്ള ഊർജ്ജ വിതരണ കരാറുകൾ നേടുന്നതിനും ധനസഹായം നൽകുന്നതിനുമായി മുതിർന്ന എക്സിക്യൂട്ടിവുകളും ഡയറക്ടർമാരും കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നുവെന്നും ഡെപ്യൂട്ടി അസിസ്റ്റന്‍റ് അറ്റോർണി ജനറൽ ലിസ മില്ലർ പ്രസ്താവനയിൽ പറഞ്ഞു. യു.എസിന്റെ കൈക്കൂലി അന്വേഷണം വെളിപ്പെടുത്താതെ അദാനി ഗ്രൂപ്പ് യു.എസിലെ നിക്ഷേപകരിൽനിന്ന് പണം സ്വരൂപിച്ചതിനാലാണ് നീതിന്യായ വകുപ്പും എസ്.ഇസിയും ഇടപെട്ടത്.
‘അദാനി ഗ്രീൻ’ മുൻ എക്‌സിക്യൂട്ടിവ് വിനീത് ജെയ്‌നൊപ്പം അദാനിയുടെ അനന്തരവൻ സാഗർ അദാനിക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, അടിസ്ഥാനരഹിതവും നുണയല്ലാതെ മറ്റൊന്നുമല്ല എന്നുമാണ് ആരോപണങ്ങളെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.