ആദർശ് അഴിമതി: ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: 2ജി അഴിമതിക്കേസിന് പിന്നാലെ മുംബൈയിലെ ആദര്‍ശ് കുംഭകോണക്കേസിലും സി.ബി.ഐക്ക് തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ബോംബെ ഹൈകോടതി റദ്ദാക്കി.
അവകാശപ്പെട്ടതുപോലെ ചവാനെതിരെ പുതിയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രഞ്ജിത് മൊറെ, സാധനാ ജാദവ് എന്നിവരുൾപ്പെട്ട ബെഞ്ചിെൻറ വിധി. പ്രോസിക്യൂട്ട് ചെയ്യാന്‍ 2016ല്‍ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗര്‍ റാവു അനുമതി നല്‍കിയതിനെതിരെ അശോക് ചവാന് നല്കിയ ഹരജിയിലാണ് വെള്ളിയാഴ്ച വിധി പറഞ്ഞത്.
അശോക് ചവാന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ 2010 ലാണ് ആദര്‍ശ് കുംഭകോണം പുറത്തായത്. 1999നും 2004നു മിടയില്‍ അദ്ദേഹം റവന്യൂ മന്ത്രിയായിരിക്കെ, കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകൾക്കും യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കും മാത്രമായുള്ള കെട്ടിടത്തില്‍ സിവിലിയൻമാർക്ക് ഫ്ലാറ്റ് വാങ്ങാനും നിലകളുടെ എണ്ണം അനുവദനീയമായ 31ല്‍ നിന്ന് 36 ആയി ഉയര്‍ത്താനും അനുമതി നല്‍കിയെന്നാണ് ആരോപണം. മാത്രമല്ല, ഇതിന് പ്രതിഫലമായി ചവാെൻറ ബന്ധുക്കളുടെ പേരില്‍ ഫ്ലാറ്റുകൾ നേടിയെന്നും സി.ബി.െഎ കേസുണ്ട്.
വിവാദത്തെതുടര്‍ന്ന് ചവാൻ മുഖ്യമന്ത്രിപദം രാജിവെച്ചു. 2013ല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ ഗവർണർ കെ. ശങ്കരനാരായണന് അനുമതി നിഷേധിച്ചു. പിന്നീട് ബി.ജെ.പി അധികാരത്തില്‍ വരുകയും സി. വിദ്യാസാഗര്‍ റാവു ഗവർണറാവുകയും ചെയ്തതോടെ പുതിയ തെളിവുകള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് സി.ബി.ഐ ചവാനെതിരെ പ്രോസിക്യൂഷന് അനുമതി തേടി. മന്ത്രിസഭയുടെ ശിപാര്‍ശ പരിഗണിച്ചാണ് 2016ല്‍ ഗവർണർ അനുമതി നല്‍കിയത്. ഗവർണർ സ്വതന്ത്രമായാണ് തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും മറ്റാരുടെയും അഭിപ്രായങ്ങള്‍ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
വ്യാജ ആരോപണം തകർത്തത് ഏഴു വർഷം –ചവാൻ
മുംബൈ: ജുഡീഷ്യറിയിലുള്ള തെൻറ വിശ്വാസം ഊട്ടിയുറപ്പിച്ച വിധിയാണ് ബോംബെ ഹൈകോടതിയുടേതെന്ന് അേശാക് ചവാന് പ്രതികരിച്ചു. വിധിയിലൂടെ രാജ്ഭവനെ പുതിയ കീഴ്വഴക്കത്തില്‍നിന്ന് കോടതി രക്ഷിച്ചതായും തനിക്ക് എതിരായ ആരോപണം കള്ളമായതിനാലാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. തെൻറ ഏഴു വര്‍ഷമാണ് ഇതുമൂലം തകര്‍ന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പിയുടെ നുണപ്രചാരണമാണ് കോടതിവിധിയിലൂടെ പൊളിഞ്ഞതെന്ന് എൻ.സി.പി നേതാവ് ജയന്ത് പാട്ടീലും പ്രതികരിച്ചു.
2ജി, ആദര്‍ശ് വിധികളിലൂടെ കോണ്‍ഗ്രസ് നയിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ അപമാനിക്കാന്‍ ബി.ജെ.പി പടച്ചുവിട്ട നുണപ്രചാരണങ്ങള്‍ ജനം തിരിച്ചറിഞ്ഞ് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.