കമ്പനിയുടെ വിപണിമൂല്യം കൂട്ടൽ: അതിവേഗം അദാനി
text_fieldsമുംബൈ: കമ്പനിയുടെ വിപണിമൂല്യം കൂട്ടുന്നതിൽ മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി. 2022 ഏപ്രിൽ വരെ ആറു മാസക്കാലയളവിൽ അദാനി ഗ്രൂപ് കമ്പനികൾക്ക് 88.1 ശതമാനം വിപണിമൂല്യം കൂടിയപ്പോൾ ഇതേ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസിന് കൂടിയത് 13.4 ശതമാനം. 18.87 ലക്ഷം കോടിയുമായി റിലയൻസ് തന്നെയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള കമ്പനിയെങ്കിലും ചുരുങ്ങിയ കാലയളവിൽ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 17.6 ലക്ഷം കോടിയിലേക്കെത്തി.
12.97 ലക്ഷം കോടി വിപണി മൂല്യമുള്ള ടാറ്റ കൺസൽട്ടൻസി സർവിസസാണ് അദാനി ഗ്രൂപ്പിന് തൊട്ടുപിന്നിൽ. ഇതിന് പിന്നാലെ എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമുണ്ട്. പുനരുൽപാദന ഊർജ രംഗത്തെ അദാനി ഗ്രീൻ എനർജിയാണ് വിപണി മൂല്യം അതിവേഗം വർധിപ്പിച്ച അദാനി കമ്പനി (139 ശതമാനം). നാലര ലക്ഷം കോടിയാണ് കമ്പനിയുടെ മൂല്യം. ആറ് മാസം മുമ്പ് 16ാം സ്ഥാനത്തായിരുന്ന കമ്പനി ഇപ്പോൾ ആറാം സ്ഥാനത്തെത്തി.
അദാനി വിൽമർ, അദാനി പവർ എന്നിവയും വൻ വളർച്ച രേഖപ്പെടുത്തി. അദാനി ഗ്രൂപ്പിന് കീഴിലെ ഒമ്പത് കമ്പനികൾ ചേർന്നാണ് 88.1 ശതമാനം വിപണിമൂല്യം കൂട്ടിയത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ബൈജൂസ് 1.68 ലക്ഷം കോടി മൂല്യവർധനയുണ്ടാക്കി. ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദക്ക് 23,000 കോടിയുടെ മൂല്യമിടിഞ്ഞു. 34ാം സ്ഥാനത്തുനിന്ന് കമ്പനി 184ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.