യു.പിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫിസറുടെ മൃതദേഹം മാറിനൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ
text_fieldsവാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച അഡീഷനൽ ചീഫ് മെഡിക്കൽ ഓഫിസറുടെ ബന്ധുക്കൾക്ക് കൈമാറിയത് മറ്റൊരു മൃതദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ ബനാറസ് ഹിന്ദു ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എ.സി.എം.ഒ ഡോ. ജങ് ബഹദൂർ സിങ് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
ബുധനാഴ്ചയാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകിയത്. എ.സി.എം.ഒയുടെ മൃതദേഹം സംസ്കരിക്കാനായി ഹരിശ്ചന്ദ്ര ഘട്ടിൽ എത്തിക്കുകയും ചിതയൊരുക്കുകയും ചെയ്തു. മൃതദേഹം പാതി കത്തിയതോടെ ഗാസിപ്പൂരിൽ കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു വ്യക്തിയുടെ ബന്ധുക്കൾ സ്ഥലത്തെത്തുകയും എ.സി.എം.ഒയുടെ മൃതദേഹം അല്ലെന്ന് അറിയിക്കുകയുമായിരുന്നു. പാതികത്തിയ മൃതദേഹത്തിൽനിന്ന് തുണി മാറ്റിയതോടെ ബന്ധുക്കൾ ഞെട്ടി. മൃതദേഹം മാറിയതായി മനസിലാക്കിയ ബന്ധുക്കൾ ആശുപത്രി മോർച്ചറിയിെലത്തി എ.സി.എം.ഒയുടെ മൃതദേഹം ഏറ്റുവാങ്ങി. പാതി കത്തിയ മൃതദേഹം ബന്ധുക്കൾ അവിടെതന്നെ സംസ്കരിച്ചു.
ജില്ലയിലെ എല്ലാ കോവിഡ് ആശുപത്രികളിലും മതിയായ സൗകര്യം ഒരുക്കുന്നതിൻെറ ഉത്തരവാദിത്തം എ.സി.എം.ഒക്കായിരുന്നു. ഒരാഴ്ചമുമ്പ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് കോവിഡ് പരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നെങ്കിലും വീണ്ടും പോസിറ്റീവാകുകയായിരുന്നു. തുടർന്ന് എ.സി.എം.ഒയെ ബി.എച്ച്.യു ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് ബാധിച്ച് മരിച്ചതിനാൽ ഇരുവരുടെയും മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് പൊതിഞ്ഞിരുന്നു. ഇതേതുടർന്ന് ഗാസിപുരിൽ ബുധനാഴ്ച രാവിലെ മരിച്ച വ്യക്തിയുടെയും എ.സി.എം.ഒയുടെയും മൃതദേഹം മോർച്ചറിയിൽവെച്ച് മാറിപ്പോകുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.