സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ല
text_fieldsന്യൂഡൽഹി: മൊൈബൽ ഫോൺ, ബാങ്ക് അക്കൗണ്ട്, തത്കാൽ പാസ്പോർട്ട് തുടങ്ങി സബ്സിഡിയും ആനുകൂല്യങ്ങളുമല്ലാത്ത മുഴുവൻ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാർച്ച് 31 വരെ ഏർപ്പെടുത്തിയ സമയപരിധി സുപ്രീംകോടതി എടുത്തുകളഞ്ഞു. ആധാർ നിർബന്ധമാക്കുന്നതിനെതിരായ കേസിൽ സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം സേവനങ്ങൾക്ക് ആധാർ നിർബന്ധിക്കാനാവില്ല. അതേസമയം, സബ്സിഡിക്കും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 തന്നെയായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
ആധാറിനെ വിവിധ സേവനങ്ങളുമായി ബന്ധിപ്പിച്ച് സർക്കാർ നിരന്തരം ഉത്തരവും നിയമനിർമാണങ്ങളും നടത്തുന്നതിനാൽ സമയപരിധി നീട്ടി ഉത്തരവിറക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സുപ്രീംകോടതിയിൽ കേസുണ്ടെന്ന കാരണത്താൽ പൗരന്മാർക്ക് ആധാറിെൻറ കാര്യത്തിൽ അനിശ്ചിതത്വം ഇല്ലാതിരിക്കാൻ ഇത് അനിവാര്യമാണ്. അതേസമയം, സർക്കാർ ആനുകൂല്യങ്ങൾക്കും സബ്സിഡിക്കും 2016ൽ സർക്കാർ നിയമനിർമാണത്തിലൂടെ ആധാർ നിബന്ധമാക്കിയതിനെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ശരിവെച്ചു.
ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കാൻ മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണം. സബ്സിഡിയും ആനുകൂല്യങ്ങളുമടക്കം എല്ലാ സേവനങ്ങൾക്കും മാർച്ച് 31 വരെ തീയതി നീട്ടണമെന്ന് അഭിഭാഷകരായ ശ്യാം ദിവാനും വിപിൻ നായരും ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് പണബില്ലായി കേന്ദ്ര സർക്കാർ ആധാർ ബിൽ പാസാക്കിയതെന്നും അവർ ബോധിപ്പിച്ചു. എന്നാൽ, ഇൗ ആവശ്യം സുപ്രീംകോടതി തള്ളി. രാജ്യത്തിെൻറ മൊത്തം ധനകാര്യത്തിൽ അനിശ്ചിതത്വം നില നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.