അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന് ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും. അവകാശലംഘന നോട്ടീസിന് മറുപടി നൽകുന്നതിന് സമിതി മുമ്പാകെ ഈ മാസം 30ന് അധിർ രഞ്ജൻ ചൗധരി ഹാജരാകും.
ബി.ജെ.പി എം.പി സുനിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച പാർലമെന്റിൽ ചേർന്ന അവകാശലംഘന സമിതി യോഗത്തിൽ ചൗധരിക്കെതിരെ കർക്കശ നിലപാട് ബി.ജെ.പി അംഗങ്ങൾ സ്വീകരിക്കാതിരുന്നതോടെയാണ് സസ്പെൻഷൻ പിൻവലിക്കുമെന്ന സൂചനയുണ്ടായത്. 14 അംഗ സമിതിയിൽ എട്ടുപേർ ബി.ജെ.പിയിൽനിന്നുള്ളവരാണ്. ചൗധരിക്കെതിരായ അവകാശ ലംഘന നോട്ടീസ് സമിതി പരിശോധിച്ചപ്പോൾ കോൺഗ്രസിൽനിന്നുള്ള കൊടിക്കുന്നിൽ സുരേഷാണ് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. ജനതാദൾ യു വിലെ കല്യാൺ ബാനർജിയും ഡി.എം.കെയിലെ ടി.ആർ. ബാലുവും കൊടിക്കുന്നിലിനെ പിന്തുണച്ചു.
ചൗധരിക്കെതിരെ കൈക്കൊണ്ടത് തെറ്റായ നടപടിയാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായതിനാൽ ചൗധരിയുടെ സസ്പെൻഷനോടെ അതിന്റെ പ്രവർത്തനവും നിലച്ചുവെന്ന് കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. അടുത്ത പാർലമെന്റ് സമ്മേളന കാലത്തേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്ന നിലപാട് ശരിയല്ലെന്ന് സുപ്രീംകോടതി ഉത്തരവ് പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
30ന് എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് ചൗധരി പ്രതികരിച്ചു. ഒരു എം.പി എന്ന നിലയിൽ ചട്ടങ്ങളും വ്യവസ്ഥകളും അവകാശ ലംഘന സമിതിയുടെ നിർദേശങ്ങളും പാലിക്കാൻ ബാധ്യസ്ഥനാണ്.
തന്റെ ഭാഗം സമിതി മുമ്പാകെ വെക്കും. ഇക്കാര്യത്തിൽ തന്റെ നിലപാട് പരസ്യമാക്കിയതാണെന്നും അതുതന്നെ കമ്മിറ്റി മുമ്പാകെ പറയുമെന്നും ചൗധരി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.