മമതയുടെ പരിക്കിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; നാടകമെന്ന് അധീർ, ആശങ്കാജനകമെന്ന് ശർമ
text_fieldsകൊൽക്കത്ത: നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു േനരെ നടന്ന കൈയേറ്റ ശ്രമത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായപ്രകടനവുമായി കോൺഗ്രസ് നേതാക്കൾ. മമതയുടേത് സഹതാപം പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ നാടകമാെണന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമം ആശങ്കാജനകമാണെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''മമത ബാനർജി ജിക്കെതിരായ ആക്രമണത്തെക്കുറിച്ചും അവർക്കുണ്ടായ പരിക്കുകളെക്കുറിച്ചും ആശങ്കയുണ്ട്. വിദ്വേഷവും അക്രമവും ജനാധിപത്യത്തിൽ അസ്വീകാര്യമാണ്. അതിനെ അപലപിക്കണം. മമത വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു'' -എന്നായിരുന്നു ശർമ്മയുടെ ട്വീറ്റ്.
എന്നാൽ, തെരഞ്ഞെടുപ്പിൽ സഹതാപ വോട്ട് തട്ടാനുള്ള മമതയുടെ നാടകമാണ് അരങ്ങേറിയതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ''നന്ദിഗ്രാമിൽ വിജയിക്കാൻ പ്രയാസപ്പെടുമെന്ന് മനസിലാക്കിയാണ് മമത ഈ നാടകം ആസൂത്രണം ചെയ്തത്. ആക്രമണ സമയത്ത് ഒരു പൊലീസുകാരനും ഉണ്ടായിരുന്നില്ല എന്നത് വിചിത്രമാണ്. അവർ മുഖ്യമന്ത്രി മാത്രമല്ല, പൊലീസ് മന്ത്രി കൂടിയാണ്. എന്നിട്ടും ഒരു പൊലീസുകാരൻ പോലും ഒപ്പമുണ്ടായിരുന്നില്ലെന്ന് പറയുന്നത് ആർക്കും വിശ്വസിക്കാൻ കഴിയില്ല. നന്ദിഗ്രാമിൽ പൊലീസ് സുരക്ഷാ വലയം നിലനിൽക്കെ ചിലർ മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്തുവെന്നത് അവിശ്വസനീയമാണ്' -അധീർ കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായുള്ള (ഐ.എസ്.എഫ്) കോൺഗ്രസ് സഖ്യത്തിന്‍റെ പേരിലും അധീറും ശർമയും കൊമ്പുകോർത്തിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് മമതയെ നാലഞ്ചുപേർ കൈേയറ്റം ചെയ്തുവെന്ന വിവരം പുറത്തുവന്നത്. റെയപാറയിലെ ക്ഷേത്രത്തിൽ പൂജ നടത്താൻ പോകവെ കാറിനടുത്ത് നിൽക്കുകയായിരുന്ന തന്നെ തള്ളിയിട്ടെന്നായിരുന്നു മമത പറഞ്ഞത്.
ആക്രമണത്തിൽ മമതയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് എസ്.എസ്.കെ.എം ആശുപത്രിയിൽ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം മമത ബാനർജിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. വേദനസംഹാരികൾ നൽകിയതായും 48 മണിക്കൂർ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
മമതയെ ന്യൂറോളജിക്കൽ ടെസ്റ്റുകൾക്കും എക്സ്റേ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്. ബാങ്ഗുറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസിൽ നിന്ന് എം.ആർ.ഐ പരിശോധനക്കായി എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. ബാൻഡേജുമായി ആശുപത്രിയിൽ കിടക്കുന്ന മമതയുടെ ചിത്രം ബന്ധു അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു. ബി.ജെ.പിക്കുള്ള മറുപടി മെയ് രണ്ടിന് ജനം നൽകുമെന്നും അഭിഷേക് ട്വീറ്റിൽ വ്യക്തമാക്കി.
അതിനിടെ അക്രമത്തെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. "മമത ദീദിക്കെതിരായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു" - കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
മമതക്കെതിരായ ആക്രമണം ആശങ്കാജനകമാണെന്നും സംഭവം അന്വേഷിക്കാൻ ഉന്നതതല സമിതി ഉടൻ രൂപവത്കരിക്കണമെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.