നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളക്ക് വിടചൊല്ലി രാജ്യതലസ്ഥാനം
text_fieldsന്യൂഡൽഹി: അന്തരിച്ച നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളക്ക് വിടചൊല്ലി രാജ്യതലസ്ഥാനം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ലോധിറോഡ് ശ്മശാനത്തിൽ മകൻ ശ്രീദീപ് ഓംചേരി ചിതക്ക് തീകൊളുത്തി.
മകൾ ദീപ്തി ഭല്ല ഓംചേരിക്കൊപ്പം പേരക്കിടാങ്ങളും ബന്ധുമിത്രാദികളുമുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് അന്ത്യയാത്ര നേർന്നു. ഏഴുപതിറ്റാണ്ടിലേറെയായി ഡൽഹിയിൽ മലയാളികളുടെ സാംസ്കാരികലോകത്ത് നിറഞ്ഞുനിന്നിരുന്ന അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് രണ്ടുവരെ ഡൽഹി ട്രാവൻകൂർ പാലസിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചിരുന്നു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സംസ്ഥാന സർക്കാറിെന്റ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, എം.പിമാരായ ജോൺ ബ്രിട്ടാസ്, എം.കെ. രാഘവൻ, കെ. രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ടൈസൻ മാസ്റ്റർ, എം. വിൻസന്റ്, സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, കാർട്ടൂൺ അക്കാദമി ചെയർമാൻ എൻ.ബി. സുധീർ നാഥ്, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി, കേരള ഹൗസ് അഡീഷനൽ റെസിഡന്റ് കമീഷണർ ചേതൻ കുമാർ മീണ, ഡി. രാജ, ആനിരാജ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖർ, മാധ്യമ പ്രവർത്തക യൂനിയൻ പ്രതിനിധികൾ, ഓംചേരിയുടെ ശിഷ്യർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.