ജനറൽ ബിപിൻ റാവത്തിന് വിട; ഭൗതിക ദേഹം ഇന്ന് ഡൽഹിയിലെത്തിക്കും
text_fieldsകോയമ്പത്തൂർ: നീലഗിരി ജില്ലയിലെ കുന്നൂരിനു സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണുണ്ടായ ദുരന്തത്തിൽ മരിച്ച പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.
രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് 80 ശതമാനം പൊള്ളലേറ്റ നിലയിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ കുന്നൂർ വെലിങ്ടൺ മിലിട്ടറി ആശുപത്രിയിലാണുള്ളത്. മൊത്തം 14 പേരാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്.
തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ പ്രദീപ് അറക്കലും അപകടത്തിൽ മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകെൻറ ജന്മദിനാഘോഷത്തിനും പിതാവിെൻറ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിെൻറ നാലാം ദിവസം ആണ് ദുരന്തം. ഭാര്യയും രണ്ടു മക്കളുണ്ട്.
നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേർന്ന തോട്ടത്തിലെ മലഞ്ചരിവിൽ, നഞ്ചപ്പൻചത്തിരം കോളനിക്കു സമീപമാണ് കോപ്ടർ നിലംപതിച്ചത്. തമിഴ്നാട് സർക്കാറിനു കീഴിലുള്ള ഹോർട്ടികൾചർ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വൻമരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടറിന് തീപിടിച്ചു. കോപ്ടറിെൻറ ഭാഗങ്ങൾ ചിന്നിച്ചിതറി. എസ്റ്റേറ്റ് തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു. അഗ്നിശമന വിഭാഗങ്ങളും പൊലീസ്-പട്ടാള യൂനിറ്റുകളുമെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണക്കാൻ വിഫലശ്രമം നടത്തി. കോപ്ടർ ടാങ്കറിലെ ഇന്ധനത്തിന് തീപിടിച്ചതായാണ് വിവരം. സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ഫലപ്രദമായി തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞത്. കാട്ടേരി നഞ്ചപ്പൻചത്തിരം കോളനിയിൽ 50ഓളം തൊഴിലാളി കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്.
കോളനിയിൽനിന്ന് 100 മീറ്റർ അകലെയാണ് കോപ്ടർ തകർന്നുവീണത്. സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങൾ കൈകാലുകൾ വേർപെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചു. ഇവർക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടൺ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.
സംഭവമുണ്ടായ ഉടൻ കോയമ്പത്തൂരിൽനിന്ന് ആറ് പ്രത്യേക മെഡിക്കൽ ടീമുകൾ കുന്നൂരിലെത്തി. മൂന്നു മണിയോടെ 14 പേരെ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത് ആംബുലൻസുകളിൽ വെലിങ്ടൺ സൈനിക ആശുപത്രിയിലെത്തിച്ചു. വെലിങ്ടൺ പട്ടാള പരിശീലന കേന്ദ്രത്തിൽ നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാനാണ് ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി നീലഗിരി വനമേഖലയിൽ മൂടൽമഞ്ഞുണ്ട്. എന്നാൽ, മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. കോപ്ടറിലെ സാങ്കേതിക തകരാറാണ് കാരണമെന്നും പറയപ്പെടുന്നു.
സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോയമ്പത്തൂർ-മേട്ടുപാളയം റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. അപകടം നടന്ന സ്ഥലവും വെലിങ്ടൺ കേൻറാൺമെൻറ് പ്രദേശവും പൂർണമായും പട്ടാളത്തിെൻറ നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.