ജ്ഞാനവൃദ്ധനു വിട
text_fieldsരാഷ്ട്രീയത്തിലെ ഒരു ജ്ഞാനവൃദ്ധനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അറിവിെൻറ നിറകുടവും അക്ഷരാർഥത്തില്‍ ഒരു സർവവിജ്ഞാനകോശവുമായിരുന്നു അദ്ദേഹം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പോയി കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായി. എനിക്ക് ചുരുങ്ങിയ സമയമാണ് അനുവദിച്ചത്.
കൂടിക്കാഴ്ചയിൽ, ശിശുസഹജമായ കൗതുകത്തോടെ അദ്ദേഹം തെൻറ സെക്രട്ടറി വേണു രാജാമണിയോട് ''ഇതാണോ സ്പീക്കര്‍? ഈ ചെറിയ പ്രായത്തില്‍ ഇദ്ദേഹം എങ്ങനെ സ്പീക്കറായി'' എന്ന് ചോദിക്കുകയുണ്ടായി. ഞാന്‍ അദ്ദേഹത്തോടു സരസമായിത്തന്നെ മറുപടി പറഞ്ഞു: ''അങ്ങു വിചാരിക്കുന്നപോലെ അത്ര ചെറുപ്പമല്ല എനിക്ക്'' -അദ്ദേഹം ചിരിച്ചുകൊണ്ട് ഇരിക്കാന്‍ പറഞ്ഞു.
ഭാരതത്തിെൻറ ആത്മീയതയിലുള്ള വൈവിധ്യഭാവങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന 'Asura: Tale of the Vanquished' എന്ന ആനന്ദ് നീലകണ്ഠെൻറ പുസ്തകം അദ്ദേഹത്തിന് സമ്മാനിക്കാനായി ഞാൻ കൈയിൽ കരുതിയിരുന്നു.
'എന്തുകൊണ്ട് ഈ പുസ്തകം' എന്നു ചോദിച്ചപ്പോള്‍, വിഡ്ഢിയെപ്പോലെ ഞാന്‍ അദ്ദേഹത്തോട് ഓണത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചും അസുരചക്രവര്‍ത്തിയെ ചവിട്ടിത്താഴ്ത്തിയതുമെല്ലാം പറഞ്ഞുകൊടുത്തു. ഒന്നുമറിയാത്തവനെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്ന അദ്ദേഹം പിന്നീടെനിക്ക് ഒരു ചരിത്രാധ്യാപകനെപ്പോലെ ക്ലാസെടുക്കാന്‍ തുടങ്ങി.
ഝാര്‍ഖണ്ഡിലെയും ഛത്തിസ്ഗഢിലെയും വാസ്തുശക്തിനിറഞ്ഞ കൊട്ടാരക്കെട്ടുകളെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഭാരതീയ വാസ്തുകലയില്‍ അസുരന്മാര്ക്കുണ്ടായിരുന്ന പ്രാഗല്‍ഭ്യത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പിന്നീടദ്ദേഹം പറഞ്ഞുതുടങ്ങി:
''ഭാരതത്തിലെ ഏറ്റവും ശക്തമായ വിജ്ഞാനശാഖയും ആശയധാരയുമായിരുന്ന അസുരന്മാരെക്കുറിച്ച് ഓർമിക്കുന്നത് നിങ്ങള്‍ മലയാളികള്‍ മാത്രമാണ്. ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണനായ വാമനനെയല്ല, ഭൂമിക്കടിയിലേക്കു പോകേണ്ടിവന്ന അസുരനായ മഹാബലിയെ നിങ്ങള്‍ ആരാധിക്കുന്നു, കാത്തിരിക്കുന്നു എന്നത് മലയാളിയുടെ അടിസ്ഥാനപരമായ ഔന്നത്യത്തിെൻറ ലക്ഷണമാണ്. ഈ ബോധത്തില്‍നിന്നാണ് മലയാളി തലയുയര്ത്തിനില്ക്കുന്നത്'' എന്നു പറഞ്ഞപ്പോള്‍ എനിക്ക് അക്ഷരാർഥത്തില്‍ അഭിമാനം തോന്നി. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്ക്കുമെന്നു കരുതിയിരുന്ന ആ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളമാണ് നീണ്ടത്.
അദ്ദേഹം തെൻറ രാഷ്ട്രീയകർമങ്ങളുമായി ഒരുപക്ഷേ രാഷ്ട്രപതിഭവനിലേക്കു പോകുന്നതിനുപകരം തെൻറ പ്രസ്ഥാനത്തിെൻറ നേതൃത്വത്തില്‍തന്നെ തുടരുകയായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം ഒരുപക്ഷേ ഒരൽപം വഴിമാറിപ്പോകുമായിരുന്നു എന്ന് എനിക്കു തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.