ആദിത്യനെത്തേടി ആദിത്യ...; പേടകം ഇന്ന് കുതിക്കും; വിക്ഷേപണം രാവിലെ 11.50ന്
text_fieldsബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചരിത്രം കുറിച്ച ചന്ദ്രയാനുപിന്നാലെ മറ്റൊരു സുപ്രധാന ദൗത്യത്തിനുകൂടി ഐ.എസ്.ആർ.ഒ ശനിയാഴ്ച തുടക്കമിടുന്നു. സൂര്യനെക്കുറിച്ച പഠനത്തിനുള്ള ഇസ്റോയുടെ ആദ്യ ബഹിരാകാശ ദൗത്യം ആദിത്യ എൽ-വൺ ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് രാവിലെ 11.50ന് പി.എസ്.എൽ.വി- സി 57 റോക്കറ്റിന്റെ ചിറകിലേറി ബഹിരാകാശത്തേക്ക് കുതിക്കും.
ആദ്യഘട്ടത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുകയാണ് റോക്കറ്റിന്റെ ചുമതല. വിക്ഷേപണത്തിന്റെ ഒരു മണിക്കൂറും മൂന്നര മിനിറ്റും പിന്നിടുമ്പോൾ റോക്കറ്റിൽനിന്ന് ആദിത്യ സ്വതന്ത്രനാവും. പിന്നീട് പേടകത്തിലെ പ്രൊപ്പൽഷൻ യൂനിറ്റുകൾ ജ്വലിപ്പിച്ച് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽനിന്ന് പുറത്തുകടന്ന് ലാഗ്റേഞ്ച് പോയന്റിലേക്ക് യാത്ര തുടങ്ങും. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ (23 മണിക്കൂറും 40 മിനിറ്റും) വെള്ളിയാഴ്ച ഉച്ചക്ക് 12.10ന് ആരംഭിച്ചിരുന്നു.
സൂര്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സൂര്യനുചുറ്റുമുള്ള പ്ലാസ്മ കാലാവസ്ഥയെ പറ്റിയും വിവരം ശേഖരിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഭൂമിക്കും സൂര്യനുമിടയിലെ വ്യവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഹാലോ ഭ്രമണപഥത്തിലെ ലാഗ് റേഞ്ചിയൻ പോയന്റ് വൺ-എൽ വണിൽ ആദിത്യ എത്തും. സൂര്യനിൽനിന്ന് 1485 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയന്റ്. അവിടെ നിന്ന് പേടകത്തിലെ പരീക്ഷണോപകരണങ്ങൾ (പേലോഡുകൾ) സൗരപഠനം നടത്തും.
ഇസ്റോ ചെയർമാൻ ഡോ. എസ്. സോമനാഥ് വെള്ളിയാഴ്ച തിരുപ്പതിയിലെ ചെങ്കാളമ്മ ക്ഷേത്രത്തിലെത്തി പ്രാർഥനയും പൂജയും നിർവഹിച്ചു. പേടകത്തിന്റെ ചെറുമാതൃകയുമായി ശാസ്ത്രജ്ഞരുടെ ഒരു സംഘം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലും പൂജ നടത്തി.
ആദിത്യക്കുശേഷം ഒക്ടോബർ ആദ്യവാരത്തിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സുപ്രധാന ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണം നടക്കുമെന്ന് ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.