മധ്യപ്രദേശിൽ ആദിവാസി വയോധികനെ നടുറോഡിൽ ചെരിപ്പുകൊണ്ടടിച്ച് യുവമോർച്ച നേതാവ്
text_fieldsഭോപാൽ/അനുപ്പൂർ: റോഡപകടത്തെത്തുടർന്ന് മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ യുവമോർച്ച നേതാവ് ആദിവാസി വയോധികനെ നടുറോഡിൽ ചെരിപ്പുകൊണ്ടടിച്ചു. സംഭവത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായി. ഗോത്രവർഗക്കാരെ ആക്രമിക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആരോപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാജേന്ദ്ര നഗറിൽനിന്ന് അനുപ്പൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ആദിവാസിയായ ഹിർവ സിങ് ഗോണ്ടും സുഹൃത്തും. ബൈക്ക് പിക്കപ് വാനുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് ഹിർവ സിങ്ങിന് മർദനമേറ്റത്.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഗണേഷ് ദീക്ഷിതും മറ്റൊരാളും ചേർന്നാണ് ചെരിപ്പുകൊണ്ട് അടിച്ചത്. അക്രമത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. സുഹൃത്ത് പരിക്കേറ്റ് നിലത്തുകിടക്കുന്നതിനിടെയാണ് ഹിർവ സിങ്ങിന്റെ മുഖത്ത് ചെരിപ്പുപയോഗിച്ച് അടിച്ചത്. നേതാവിനെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.
മധ്യപ്രദേശിൽ ബി.ജെ.പി ഭരണത്തിനുകീഴിൽ 18 വർഷമായി ആദിവാസികൾ മനുഷ്യത്വരഹിതമായ പീഡനങ്ങൾ അനുഭവിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു. അതേസമയം, ഗണേഷ് ദീക്ഷിതിനെ പുറത്താക്കിയതായും കൂടെയുണ്ടായിരുന്നയാൾ കോൺഗ്രസ് പ്രവർത്തകനാണെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.