ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എൽ.എമാരായവരിൽ 87 ശതമാനം കോടിപതികൾ; 45 ശതമാനവും ക്രിമിനൽ കേസ് പ്രതികൾ
text_fieldsന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളിൽ 45 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികൾ. ജനാധിപത്യ പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റേതാണ് (എ.ഡി.ആർ) കണ്ടെത്തൽ. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച 690 സ്ഥാനാർഥികളിൽ 219 (32 ശതമാനം) പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. 312 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്.
ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ളത് ബി.ജെ.പി എം.എൽ.എമാർക്കെതിരെയാണ്. 134 ബി.ജെ.പി എം.എൽ.എമാരാണ് ക്രിമിനൽ കേസിൽ പ്രതികൾ. 71 സമാജ്‍വാദി പാർട്ടി എം.എൽ.എമാർക്കെതിരെ ക്രിമിനൽ കേസുണ്ട്. ആം ആദ്മിയുടെ 52 എം.എൽ.എമാരും കോൺഗ്രസിന്റെ 24 എം.എൽ.എമാരും ക്രിമിനൽ കേസിൽ പ്രതികളാണ്.
ഗോവയിലെ 40 ശതമാനം എം.എൽ.എമാരും ക്രിമിനൽ കേസുള്ളവരാണ്. ഇതിൽ 33 പേർക്കെതിരെ ഗുരുതരമായ കേസുകളുണ്ട്. യു.പിയിൽ 51 ശതമാനം പേരും ക്രിമിനൽ കേസുള്ളവരാണ്. ഇതിൽ 39 ശതമാനത്തിനെതിരെയും ഗുരുതരമായ കേസുകളുണ്ട്. പഞ്ചാബിൽ 50 ശതമാനം ക്രിമിനൽ കേസുള്ളവരാണ്. 23 ശതമാനമാണ് ഗുരുതരമായ കേസുള്ളവർ. ഉത്തരാഖണ്ഡിൽ 27 ശതമാനവും മണിപ്പൂരിൽ 23 ശതമാനവും ക്രിമിനൽ കേസുള്ളവരാണ്.
33 എം.എൽ.എമാർ കൊലപാതക ശ്രമങ്ങളിലും 12 എം.എൽ.എമാർ സ്ത്രീകൾക്കെതിരായ അക്രമങ്ങളിലും പ്രതികളാണ്. ഇക്കാര്യത്തിലും മുന്നിൽ യു.പി തന്നെ. യു.പിയിലെ 29 പേരാണ് കൊലപാതകശ്രമങ്ങളിൽ പ്രതികൾ. ആറു പേർ സ്ത്രീകൾക്കെതിരായ അക്രമങ്ങളിലും പ്രതികളാണ്. ആറു പേരാണ് കൊലപാതക കേസുകളിൽ പ്രതികളായത്.
87 ശതമാനം എം.എൽ.എമാർ കോടീശ്വരന്മാരാണ്. ജയിച്ചവരിൽ 598 പേരാണ് കോടീശ്വരന്മാർ. 8.7 കോടിയാണ് ഇവരുടെ ശരാശരി സ്വത്ത്. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് എ.ഡി.ആർ ഈ കണ്ടെത്തലുകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.