അദ്വാനിക്കും ജോഷിക്കും രാമക്ഷേത്ര ചടങ്ങിൽ വിലക്ക്; പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായി ചമ്പത് റായ്
text_fieldsഅയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്ത മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അടുത്ത മാസം നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക്. “ഇരുവരും സംഘ്പരിവാർ കുടുംബത്തിലെ മുതിർന്നവരാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അവരോട് വരരുതെന്ന് അഭ്യർഥിച്ചു. അത് ഇരുവരും അംഗീകരിച്ചു” -രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അഭിഷേക ചടങ്ങിനുള്ള ഒരുക്കം തകൃതിയായി നടക്കുകയാണെന്ന് റായ് പറഞ്ഞു. ജനുവരി 15നുള്ളിൽ ഒരുക്കം പൂർത്തിയാകും. 16 മുതൽ 22 വരെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള പൂജ നടക്കും.
‘അദ്വാനിക്ക് ഇപ്പോൾ 96 വയസ്സുണ്ട്. ജോഷിക്ക് അടുത്ത മാസം 90 വയസ്സ് തികയും. ആരോഗ്യവും പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അദ്വാനിയും ജോഷിയും അഭിഷേക ചടങ്ങിൽ പങ്കെടുത്തേക്കില്ല’ -റായ് പറഞ്ഞു. അതേസമയം, മുൻ പ്രധാനമന്ത്രി ദേവഗൗഡയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ആറ് ശങ്കരാചാര്യ മഠങ്ങളിലെ പുരോഹിതരും 150ഓളം സന്യാസിമാരും ചടങ്ങിൽ പങ്കെടുക്കും. നാലായിരത്തോളം സന്യാസിമാരെയും 2,200 മറ്റ് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി എന്നിവിടങ്ങളിലെ പുരോഹിതരെയും വിവിധ ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ക്ഷണിച്ചതായും റായ് കൂട്ടിച്ചേർത്തു.
ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുർ ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ നിലേഷ് ദേശായി തുടങ്ങി നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 24 മുതൽ 48 ദിവസം ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മണ്ഡലപൂജ നടക്കും. ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിഥികൾക്ക് താമസിക്കാൻ അയോധ്യയിൽ മൂന്നിലധികം സ്ഥലങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ മഠങ്ങളും ക്ഷേത്രങ്ങളും വീടുകളും ചേർന്ന് 600 മുറികൾ ലഭ്യമാക്കിയിട്ടുണ്ട്.
ഭക്തർക്കായി ഫൈബർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേകം സ്ഥലങ്ങളിൽ സൗകര്യമൊരുക്കുമെന്നും അയോധ്യ മുനിസിപ്പൽ കമ്മിഷണർ വിശാൽ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.