പിടിച്ചുപറിയിലൂടെയുള്ള പണം വേണ്ട; എം.എൻ.എസിനെതിരെ സൈനിക ഉദ്യോഗസ്ഥർ
text_fieldsമുംബൈ: പാക് നടൻ അഭിനയിച്ച സിനിമ പ്രദർശിപ്പിക്കാൻ സൈനിക ക്ഷേമ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട മഹാരാഷ്ട്ര നവനിർമാൺ സേനയുടെ നടപടിയിൽ എതിർപ്പുമായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ. ക്ഷേമ ഫണ്ടിലേക്കുള്ള എല്ലാ സംഭാവനകളും സ്വയം സന്നദ്ധമായിട്ടാരിക്കണം. പിടിച്ചുപറിയിലൂടെയുള്ള പണം അനുവദനീയമല്ല. സ്വയം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ പണമാണ് വേണ്ടത്-ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ സൈന്യം നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം പൂർണ്ണമായും അരാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിടുന്നത് തെറ്റാണ്- മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എല്ലാ സംഭാവനകളും പരിശോധിക്കാൻ സൈനിക തലത്തിൽ വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നും ബലാൽക്കാരത്തിലൂടെ നടത്തുന്ന സംഭാവന നിഷേധിക്കാൻ സാധിക്കുമെന്നും ആർമി വൃത്തങ്ങൾ വ്യക്തമാക്കി. ഒരിക്കലും ഈ നടപടിയെ പിന്തുണക്കുന്നില്ലെന്ന് മുൻ സൈനിക സെക്രട്ടറി ലഫ്.ജനറൽ സയ്യിദ് അത്ത ഹസ്നെൻ പറഞ്ഞു. പ്രശ്നത്തിൽ തന്റെ ശക്തമായ പ്രതിഷേധം മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ ട്വീറ്റിലൂടെ അറിയിച്ചു.
പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനാലാണ് 'യേ ദിൽ ഹേ മുശ്കിലി'ന്‍റെ പ്രദർശനം തടയുമെന്ന നവനിർമാൺ സേനയുടെ ഭീഷണി ഉയർത്തിയത്. പാകിസ്താനി താരങ്ങളെ അഭിനയിപ്പിക്കുന്ന സിനിമകളുടെ നിർമാതാക്കൾ ഇന്ത്യൻ സൈന്യത്തിന്‍റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നൽകണം, ഈ സിനിമകളിൽ ഇന്ത്യൻ സൈന്യത്തിന് ആദരവ് അർപ്പിക്കുന്ന സ്ളൈഡുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം, ഭാവിയിൽ പാക് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി സിനിമകൾ ചെയ്യാൻ പാടില്ല എന്നിവയായിരുന്നു നവനിർമാൺ സേനയുടെ ഒത്തു തീർപ്പ് വ്യവസ്ഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.