എയ്റോ ഇന്ത്യക്ക് ഇന്ന് തുടക്കം
text_fieldsബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യക്ക് തിങ്കളാഴ്ച യെലഹങ്ക വ്യോമസേന താവളത്തിൽ തുടക്കമാവും. കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും ചേർന്നു സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പ്രദർശനം തിങ്കളാഴ്ച രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വരെ നീളുന്ന പ്രദർശനത്തിൽ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രധാന കരാറുകളടക്കം ഒപ്പിടും. പൊതു- സ്വകാര്യ മേഖലയിലെ വിമാനക്കമ്പനികളും ആയുധ നിർമാണ കമ്പനികളും പങ്കാളികളാവും. -
എച്ച്.എ.എൽ, ബെൽ തുടങ്ങിയവക്കൊപ്പം ഇന്ത്യയുമായി റഫാൽ വിമാന ഇടപാട് നടത്തുന്നന ദസോ ഏവിയേഷൻ, അമേരിക്കൻ കമ്പനിയായ ലോക്ഹീൽഡ് മാർട്ടിൻ, എയർ ബസ്, ബോയിങ്, ഇസ്രായേൽ എയ്റോ സ്‍പേസ് ഇൻഡസ്ട്രി തുടങ്ങിയവയടക്കം 80 രാജ്യങ്ങളിൽനിന്നുള്ള 811 കമ്പനികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇവയിൽ 701 ഇന്ത്യൻ കമ്പനികളും 110 വിദേശ കമ്പനികളും ഉൾപ്പെടും.
ഉദ്ഘാടന സെഷനുശേഷം രാവിലെ 10.15 മുതൽ വിമാനങ്ങളുടെ പറക്കൽ പ്രദർശനത്തിന് തുടക്കമാവും. ഉച്ചക്ക് 2.30 മുതൽ എയർഫോഴ്സ് സ്റ്റേഷനിലെ സെമിനാർ ഹാളിൽ സെമിനാറുകൾ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സി.ഇ.ഒമാരുടെ വട്ടമേശ ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 10ന് ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടക്കും. ഉച്ചക്ക് 12 മുതൽ യെലഹങ്കയിൽ വ്യോമ പ്രദർശനം നടക്കും.
കഴിഞ്ഞ ദിവസം നടന്ന സൈനിക വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും പരിശീലനപ്പറക്കൽ വീക്ഷിക്കാൻ നിരവധി പേരാണെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച എൽ.സി.എ തേജസിന് പുറമെ, സുഖോയ് 30 എം.കെ വൺ, മിഗ് 29 എം, ജഗ്വാർ, മിറാഷ് 2000, ഹ്വാക് വൺ, ഐ.ജെ.ടി, എച്ച്.ടി.ടി 40, നേത്ര എ.ഇ.ഡബ്ല്യു.സി, കിരൺ എം.കെ ടു തുടങ്ങിയ വിമാനങ്ങളും ഇന്ത്യൻ വായുസേനയുടെ എയ്റോബിക് അഭ്യാസ ടീമായ സൂര്യ കിരണും സാരംഗും ഡ്രസ് റിഹേഴ്സലിൽ പങ്കെടുത്തു.
ആശ്രമ സ്കൂളിൽനിന്നും മൊറാർജി ദേശായി സ്കൂളിൽ നിന്നുമുള്ള 2000 വിദ്യാർഥികളും സന്ദർശകരായെത്തി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 500 വിദ്യാർഥികൾകൂടി പ്രദർശനം കാണാനെത്തും. അഞ്ചു ദിവസങ്ങളിലായി അഞ്ചു ലക്ഷം പേർ സന്ദർശകരായെത്തുമെന്നാണ് കണക്കൂകൂട്ടൽ.
പൊതുജനങ്ങൾക്കും പ്രദർശനം കാണാം
എയ്റോ ഇന്ത്യ പ്രദർശനം പൊതുജനങ്ങൾക്കും നേരിട്ടു കാണാം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജനറൽ വിസിറ്റർ കാറ്റഗറിയിൽ പൊതുജനങ്ങൾക്ക് പ്രദർശനം വീക്ഷിക്കാനാവുക. സൈനിക വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും പ്രദർശന പറക്കൽ വീക്ഷിക്കാൻ എയർ ഡിസ്േപ്ല വ്യൂവിങ് ഏരിയ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്.
പ്രദർശനവും വ്യോമാഭ്യാസവും കാണാൻ ഒരാൾക്ക് 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒറ്റ ദിവസത്തേക്ക് ഒറ്റ സന്ദർശനത്തിനായാണ് ഈ ടിക്കറ്റ് അനുവദിക്കുക. സന്ദർശകർ 12 വയസ്സിന് മുകളിലുള്ളവരാകണമെന്ന നിബന്ധനയുണ്ട്. www.aeroindia.gov.in വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ഇ -മെയിലായി ലഭിക്കും.
പാർക്കിങ് ജി.കെ.വി.കെ, ജക്കൂർ എന്നിവിടങ്ങളിൽ
പ്രദർശനം കാണാനെത്തുന്നവരുടെ വാഹനങ്ങൾ ജി.കെ.വി.കെ കാമ്പസിലും ജക്കൂരിലുമാണ് പാർക്ക് ചെയ്യേണ്ടത്. ഇരു പാർക്കിങ് കേന്ദ്രങ്ങളിൽനിന്നും എയർ ഡിസ്‍പ്ലേ വ്യൂവിങ് ഏരിയ (എ.ഡി.വി.എ) ഗേറ്റ് വരെയും തിരിച്ചും ബി.എം.ടി.സി ഫീഡർ സർവിസുകൾ ഏർപ്പെടുത്തും. ഒരാൾക്ക് 50 രൂപയാണ് നിരക്ക്.
സന്ദർശകരുടെ യാത്രക്കായി ബഗ്ഗികളും
59 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ച പ്രദർശന നഗരിയിൽ പ്രതിനിധികളുടെയും സന്ദർശകരുടെയും സഹായത്തിനായി 100 ഇ- ബഗ്ഗികൾ ഏർപ്പെടുത്തും. ആറും 11 ഉം സീറ്റുകൾ വീതമുള്ള ബഗ്ഗികളാണ് യാത്രക്കായി സജ്ജീകരിക്കുകയെന്ന് മെയ്നി മെറ്റീരിയൽ മൂവ്മെന്റ് (എം.എം.എം) അറിയിച്ചു. മീറ്റിങ് സ്ഥലങ്ങളിലേക്കും പ്രദർശന നഗരിയിലേക്കും യാത്ര ചെയ്യാൻ ഇവ ഉപയോഗപ്പെടുത്താം.
ഇന്നു മുതൽ ഗതാഗത നിയന്ത്രണം
ബെള്ളാരി റോഡിൽ മേക്രി സർക്കിൾ മുതൽ യെലഹങ്ക എം.വി.ഐ.ടി ഗേറ്റ് വരെയും ഗോരഗുണ്ടെ പാളയ മുതൽ ഹെന്നൂർ ഗേറ്റ് വരെയും നാഗ്വാര ജങ്ഷൻ മുതൽ തനിസാന്ദ്ര മെയിൻറോഡ് വരെയും ബംഗളൂരു മെയിൻ റോഡ് മുതൽ രേവ കോളജ് ജങ്ഷൻ വരെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
എയ്റോ ഇന്ത്യ പ്രദർശന ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ പ്രസ്തുത റോഡുകളിൽ സ്വകാര്യ ബസുകൾ, ട്രാക്ടറുകൾ, ഭാരവാഹനങ്ങൾ എന്നിവക്ക് പ്രവേശനം തടഞ്ഞിട്ടുണ്ട്. എന്നാൽ, ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഈ റൂട്ടുകളിൽ സർവിസ് നടത്താൻ തടസ്സമില്ല.
ചിക്കബല്ലാപുര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ദേവനഹള്ളിക്ക് സമീപം ദൊഡ്ഡബല്ലാപുര ക്രോസിൽവെച്ച് തിരിഞ്ഞ് തുമകുരു-പുണെ റോഡിലേക്ക് തിരിയണം. തുമകുരു റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ സി.എം.ടി.ഐ ജങ്ഷനിൽനിന്ന് റിങ് റോഡ് വഴി നൈസ് റോഡിലേക്കെത്തണം.
ബി.എം.ടി.സി സ്പെഷൽ സർവിസ് നടത്തും
യെലഹങ്കയിലെ എയ്റോ ഇന്ത്യ പ്രദർശന നഗരിയിലേക്ക് ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബി.എം.ടി.സി സ്പെഷൽ ബസ് സർവിസുകൾ ഏർപ്പെടുത്തും. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് സർവിസ്. മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ശിവാജി നഗർ, ഹെബ്ബാൾ ഔട്ടർ റിങ് റോഡ് ജങ്ഷൻ,യെലഹങ്ക (എൻ.ഇ.എസ്) ബനശങ്കരി ടി.ടി.എം.സി, കെങ്കേരി ടി.ടി.എം.സി, ടിൻ ഫാക്ടറി, യശ്വന്ത്പുർ ടി.ടി.എം.സി, പീനിയ സെക്കൻഡ് സ്റ്റേജ്, സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്നാണ് സർവിസ് ഏർപ്പെടുത്തുക.
യശ്വന്ത്പുർ, ശാന്തിനഗർ, ജയനഗർ, കോറമംഗല, കെങ്കേരി എന്നിവിടങ്ങളിലെ ടി.ടി.എം.സികളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് എയ്റോ ഇന്ത്യ സന്ദർശനത്തിന് പൊതുഗതാഗതം ഉപയോഗപ്പെടുത്തണമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബംഗളൂരു എയർപോർട്ടിലേക്ക് പോകുന്ന ബി.എം.ടി.സി വായുവജ്ര ബസ് സർവിസുകളും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.