നിലനിൽപ് പോര്; അഫ്ഗാനിസ്താൻ ഇന്ന് ശ്രീലങ്കക്കെതിരെ
text_fieldsപുണെ: ലോകകപ്പിൽ തിങ്കളാഴ്ച ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരം. മുൻ ചാമ്പ്യന്മാരായ ലങ്കക്കും അട്ടിമറി വീരന്മാരായ അഫ്ഗാനും സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ വിജയത്തിൽ കുറഞ്ഞതൊന്നും ആവശ്യമില്ല. അഞ്ചിൽ രണ്ടു മത്സരങ്ങൾ ജയിച്ച് നാലു പോയന്റ് വീതമാണ് സമ്പാദ്യം. റൺറേറ്റ് അടിസ്ഥാനത്തിൽ ലങ്ക അഞ്ചും അഫ്ഗാൻ ഏഴും സ്ഥാനത്താണ്.
ലീഡ് പേസർ ലാഹിറു തിരിമന്നെ പരിക്കുകാരണം പുറത്തായത് ശ്രീലങ്കക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ദുഷ്മന്ത ചമീരയാണ് പകരക്കാരൻ. ക്യാപ്റ്റൻ ദാസുൻ ഷാനകയുടെ മടക്കം മുതൽ തുടങ്ങിയ തിരിച്ചടിയാണ്. മതീഷ പാതിരാനയും പരിക്കേറ്റ് പുറത്തായതിനാൽ ഓൾറൗണ്ടറും മുൻ നായകനുമായ എയ്ഞ്ചലോ മാത്യൂസിനെ ലോകകപ്പ് സംഘത്തിലേക്ക് വിളിച്ചു.
എങ്കിലും തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം നെതർലൻഡ്സിനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി മുന്നേറാൻ ലങ്കക്കായി. അപ്പുറത്ത് നിറഞ്ഞ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ. പല ലോകകപ്പുകളിലും പേരിനൊരു ജയം പോലുമില്ലാതെ മടങ്ങിയവർ ഇത്തവണ മറിച്ചിട്ടത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ജേതാക്കളായ പാകിസ്താനെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.