സ്വാതന്ത്ര്യദിനാഘോഷം: രാഹുലിന് ഇരിപ്പിടം നൽകിയത് പിന്നിൽ; അവഗണിച്ചെന്ന് വിമർശനം
text_fieldsന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അവഗണിച്ചെന്ന് വിമർശനം. പ്രോട്ടോകോൾ പ്രകാരം പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് സീറ്റ് നൽകേണ്ടത്. എന്നാൽ, ഒളിമ്പിക്സ് താരങ്ങൾക്കൊപ്പം പിൻനിരയിലാണ് രാഹുലിന് സീറ്റ് നൽകിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.
മുൻനിരയിൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്.ജയശങ്കർ എന്നിവരാണ് ഉണ്ടായിരുന്നത്. പക്ഷേ കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നിൽ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.
അതേസമയം, സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ രംഗത്തെത്തി. ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് സീറ്റ് നൽകുന്നതിനായാണ് രാഹുലിനെ പിന്നിലേക്ക് മാറ്റിയതെന്നാണ് പ്രതിരോധ മന്ത്രാലയം അനൗദ്യോഗികമായി അറിയിക്കുന്നത്.
മുമ്പ് എ.ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലോക്സഭ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് മുൻനിരയിൽ തന്നെ സീറ്റ് നൽകിയിരുന്നു. അതേസമയം, പത്ത് വർഷത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നത്. നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ രണ്ട് ടേമിലും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.