സ്വാമിനി അടക്കം നാലുപേരെ കൊന്ന സ്ത്രീ 17 വർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: ആശ്രമത്തിലെ സ്വാമിനിയെയും ക്ഷേത്ര ട്രസ്റ്റിയായ യു.എസ് പൗരനെയും രണ്ട് സഹായികളെയും കൊന്ന കേസിൽ പ്രതിയായ സ്ത്രീ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഗുജറാത്തിലെ അഹ്മദാബാദ് മെഹ്സാനയിൽ കാദി എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. രാജ്കുമാരി (ഡിസ്കോ സരോജ് -50) ആണ് ദില്ലിയിൽനിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. ഇവരുടെ ഭർത്താവ് മഹേന്ദ്രസിങ് എന്ന ഗോവിന്ദ് സിങ് യാദവിനെ 2020 ഓഗസ്റ്റിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
2004 ഏപ്രിൽ 2ന് രാത്രി കാദി പട്ടണത്തിലെ ഉത്വ മഹാകാളി മാതാ ക്ഷേത്ര ആശ്രമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സാമിനി മാതാജി സംതാനന്ദ് പൂർണാനന്ദ് സരസ്വതി (35), യുഎസ് പൗരനും ക്ഷേത്ര ട്രസ്റ്റിയുമായ ചിമൻ പട്ടേൽ (70), മോഹൻ ലുഹാർ (45), കർമൻ പട്ടേൽ (30)എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും ന്യൂഡൽഹി വസന്ത് കുഞ്ചിലെ രുചി വിഹാർ താമസക്കാരിയുമായ രാജ്കുമാരി സംഭവശേഷം വിവിധ പേരുകളിലായി വിവിധ സ്ഥലങ്ങളിൽ കഴിയുകയായിരുന്നു. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി ഉരുപ്പടികളും വിലപിടിച്ച മറ്റുവസ്തുക്കളും ആശ്രമത്തിൽ നിന്ന് കാണാതായിരുന്നു.
ചിമാന്‍റെ മൃതദേഹം ആശ്രമം ഓഫിസിൽ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സ്വാമിനിയെയും സഹായികളെയും രണ്ട് കുളിമുറികളിലായി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ആശ്രമത്തിൽ താമസിച്ചിരുന്ന മഹേന്ദ്രസിങ് -രാജ്കുമാരി ദമ്പതികളെ സംഭവശേഷം കാണാതായത് പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടു. ഒളിവിൽ പോയ ഇവരെ കണ്ടെത്തുന്നവർക്ക് ഗുജറാത്ത് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മഹേന്ദ്രസിങ്ങിന്‍റെ യഥാർത്ഥ പേര് ഗോവിന്ദ് സിങ് യാദവ് ആണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
ഗോവിന്ദ് സിങ്ങിനെ 10 മാസം മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ഭാര്യ രാജ്കുമാരി തന്ത്രപൂർവം മുങ്ങുകയായിരുന്നു. ഇരുവരും മധ്യപ്രദേശിലെ സിംതാര ഗ്രാമവാസികളാണ്. 2003ലാണ് ഗുജറാത്തിലേക്ക് താമസം മാറിയത്. കൊലപാതകത്തിന് 20 ദിവസം മുമ്പാണ് ഇരുവരും കാദി ആശ്രമത്തിൽ അന്തേവാസികളായത്. കൊലപാതകത്തിന് ശേഷം മോഷണമുതലുകളുമായി ഇവർ രാജസ്ഥാനിലെ ജയ്പൂരിലേക്കും പിന്നീട് യുപിയിലെ ഝാൻസി, ഒറായ് എന്നിവിടങ്ങളിലേക്കും പലായനം ചെയ്തു. തുടർന്ന് ഡൽഹിയിൽ താമസിക്കാൻ തുടങ്ങി. മഹേന്ദ്രസിങ് എന്ന പേര് സ്വീകരിച്ച ഗോവിന്ദ്, കരാറുകാരനായാണ് ഇവിടെ കഴിഞ്ഞിരുന്നത്. രാജ്കുമാരിയാകട്ടെ, സരോജ് എന്ന പേര് സ്വീകരിച്ച് ഒരു ചായക്കട നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.