അപഹരിച്ച ആലം 18 വർഷത്തിനുശേഷം ഇന്ത്യയിലേക്ക്
text_fieldsഹൈദരാബാദ്: ശിയ വിഭാഗക്കാർ വിശുദ്ധമായി കരുതിയിരുന്നതും അപഹരിക്കപ്പെട്ടതുമായ 'ആലം' എന്ന പുരാവസ്തു 18 വർഷത്തിനുശേഷം ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നു. ആശൂർ ഖാന സുഹ്റ കെട്ടിട സമുച്ചയത്തിൽനിന്ന് 18 വർഷം മുമ്പ് അപഹരിക്കപ്പെട്ട ആലം ആസ്ട്രേലിയൻ അധികൃതർ മടക്കിനൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
പുരാവസ്തുക്കൾ അപഹരിക്കുന്നവരിലൂടെ ആസ്ട്രേലിയയിലെ നാഷനൽ ഗാലറിയിൽ (എൻ.ജി.എ)യിൽ എത്തിയതാണ് ആലം. എൻ.ജി.എ ഇന്ത്യക്ക് മടക്കിനൽകുന്ന മറ്റ് 14 പുരാവസ്തുക്കൾക്കൊപ്പമാണ് ആലമും ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അപഹരിക്കപ്പെട്ട പുരാവസ്തുക്കൾ ഇത് നാലാം തവണയാണ് എൻ.ജി.എ മടക്കിനൽകുന്നത്.
ഇന്ത്യക്കാരനായ സുഭാഷ് കപൂർ എന്ന കള്ളക്കടത്തുകാരനിലൂടെയാണ് ഇൗ പുരാവസ്തുക്കൾ ആസ്ട്രേലിയയിൽ എത്തിയത്. കപൂർ ഇപ്പോൾ ഇന്ത്യയിൽ വിചാരണ നേരിടുകയാണ്. പുരാതനമായ ആറു വെങ്കല ശിൽപങ്ങളും ആറു ചിത്രങ്ങളും അപഹരിക്കപ്പെട്ടവയിൽ പെടുന്നു. സുഭാഷ് കപൂറാണ് ഇവയെല്ലാം എൻ.ജി.എക്ക് വിറ്റത്. 2003 ഏപ്രിൽ 11ന് ആയിരുന്നു ആലം ൈഹദരാബാദിൽനിന്ന് അപഹരിച്ചത്. നഗരത്തിലെ ശിയ വിഭാഗക്കാർക്കിടയിൽ ഏറെ അസ്വസ്ഥത സൃഷ്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് രണ്ടുപേരെ സംശയത്തിെൻറ പേരിൽ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഹൈദരാബദിലെ അവസാന നിസാം മിർ ഉസ്മാൻ അലി ഖാൻ സ്ഥാപിച്ചതാണ് ആലം. അഞ്ചു ലോഹങ്ങൾ കൊണ്ട് നിർമിച്ച ആലത്തിനു മീതെ സ്വർണവും പൂശിയിട്ടുണ്ട്. പ്രവാചകെൻറ പേരക്കുട്ടിയായ ഇമാം ഹുസൈൻ കർബലയിൽ രക്തസാക്ഷിയായതിെൻറ സ്മരണക്കായി മുഹർറം മാസത്തിൽ ശിയ വിഭാഗക്കാർ വിലാപയാത്ര നടത്തുന്ന വേളയിലാണ് ആലം പ്രദർശിപ്പിക്കുന്നത്. തെലങ്കാന സർക്കാർ കേന്ദ്രത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് ആലം തിരികെയെത്തുന്നതെന്ന് ഡെക്കാൻ ഹെറിറ്റേജ് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. തിരികെയെത്തിയാലുടൻ ആലം യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
നിസാമുമാരുടെ കാലത്തെ വിലപിടിപ്പുള്ള പുരാവസ്തുക്കൾ പലതും മോഷ്ടിക്കപ്പെടുന്നത് ഹൈദരാബാദിൽ പതിവാണ്. രണ്ടു വർഷം മുമ്പ് ഏറെ വിലപിടിപ്പുള്ള സ്വർണത്തിൽ തീർത്തതും രത്നങ്ങൾ പതിച്ചതുമായ ഭക്ഷണപ്പാത്രം നിസാം ജൂബിലി മ്യൂസിയത്തിൽനിന്നും അപഹരിച്ചിരുന്നു. ഇന്ത്യയിൽ നിന്നും പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിൽ രണ്ടു മോഷ്ടാക്കൾ പിടിയിലുമായി. രണ്ടുവർഷം നീണ്ട കോടതി നടപടികൾക്കുശേഷം അടുത്തിടെയാണ് ഇത് തിരികെ മ്യൂസിയത്തിൽ എത്തിയത്. ധാർമികതയുടെ പേരിലാണ് ആലം അടക്കമുള്ള പുരാവസ്തുക്കൾ തിരികെ നൽകുന്നതെന്നാണ് ആസ്ട്രേലിയൻ നാഷനൽ ഗാലറി വാർത്താകുറിപ്പിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.