വരന് കറുപ്പ് നിറം; മാലയിട്ട ശേഷം വിവാഹത്തിൽനിന്ന് പിൻമാറി വധു
text_fieldsവരന്റെ നിറം കറുപ്പായതിനാൽ കതിർമണ്ഡപത്തിലെത്തി അവസാന നിമിഷം വിവാഹത്തിൽനിന്ന് പിൻമാറി വധു. ഉത്തർ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. താൻ വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് നേരത്തേ കണ്ട ആളല്ല മണ്ഡപത്തിലെത്തിയതെന്നും വരന് നല്ല കറുപ്പാണെന്നും പറഞ്ഞാണ് വധു മാലയിട്ടതിന് ശേഷം വലംവെക്കുന്നതിന് മുമ്പ് വിവാഹത്തിൽനിന്ന് പിൻമാറിയത്.
രവി യാദവ്, നീത യാദവ് എന്നിവരുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നത്. മാല പരസ്പരം കൈമാറി അഗ്നിക്ക് ചുറ്റും വലവെക്കാൻ തുടങ്ങിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആചാരപ്രകാരം ഏഴു തവണയാണ് അഗ്നിക്ക് ചുറ്റും വലം വെക്കേണ്ടത്. എന്നാൽ രണ്ടുതവണ വലം വെച്ചതിന് ശേഷമാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
തന്നെ വേറെ ആരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. വരന് തന്നെക്കാള്‍ വയസുണ്ടെന്നും കറുപ്പാണെന്നും വധു ആരോപിച്ചു. വധുവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു. ഏകദേശം ആറുമണിക്കൂറോളം വധുവിനെ അനുനയിപ്പിക്കാൻ ശ്രമം നടന്നു. ഒടുവിൽ വരനും വിവാഹവേദി വിടുകയായിരുന്നു. അതസമയം, വധുവിന് സമ്മാനമായി നൽകിയ ലക്ഷക്കണത്തിന് രൂപയുടെ ആഭരണങ്ങൾ തങ്ങൾക്ക് തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് വരന്റെ പിതാവ് പൊലീസിന് പരാതി നൽകിയതായി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
ഈ സംഭവം തന്റെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിയതായി വരനായ രവി യാദവ് പ്രതികരിച്ചു. വധുവും കുടുംബവും പറയുന്ന ആരോപണവും ഇയാൾ തള്ളിക്കളഞ്ഞു. പെൺകുട്ടിയും കുടുംബവും തന്നെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എന്നിട്ടും എന്തുകൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.