കർശന നിയന്ത്രണങ്ങളോടെ ഭോപ്പാലിലെ യൂനിയൻ കാർബൈഡ് ഫാക്ടറിയിൽനിന്നുള്ള വിഷ മാലിന്യം നീക്കിത്തുടങ്ങി
text_fieldsഭോപ്പാൽ: 40 വർഷം മുമ്പ് ഭോപ്പാലിൽ നടന്ന യൂനിയൻ കാർബൈഡ് വിഷ വാതക ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള കണ്ടെയ്നറുകൾ സംസ്കരണത്തിനായി അയച്ചു തുടങ്ങി. കർശന നിയന്ത്രണങ്ങളോടെയും കനത്ത സുരക്ഷയിലും ഭോപ്പാലിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള പിതാംപൂരിലേക്ക് പന്ത്രണ്ട് കണ്ടെയ്നറുകൾ പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓരോ കണ്ടെയ്‌നറും ഏകദേശം 30 ടൺ മാലിന്യം കൊണ്ടുപോകുന്നു. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മാലിന്യം നീക്കുന്നതെന്ന് പൊലീസ് കമീഷണർ പറഞ്ഞു.
ആംബുലൻസ്, പൊലീസ് വാഹനങ്ങൾ, അഗ്നിശമന സേന എന്നിവയുടെ അകമ്പടിയോടെ 250 കിലോമീറ്റർ നീളമുള്ള ‘ഹരിത ഇടനാഴി’യിലൂടെയാണ് വിഷ മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഗതാഗതത്തിന് അഡീഷണൽ പൊലീസ് സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് മേൽനോട്ടം വഹിക്കുന്നത്. അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ കണ്ടെയ്‌നറുകൾക്ക് അകമ്പടി സേവിക്കുന്നുണ്ട്.
ഭോപ്പാലിലെ ഉപേക്ഷിക്കപ്പെട്ട യൂനിയൻ കാർബൈഡ് ഫാക്ടറിയിലാണ് 337 മെട്രിക് ടൺ വിഷ മാലിന്യം സൂക്ഷിച്ചിരുന്നത്. മാലിന്യം സുരക്ഷിതമായി കൊണ്ടുപോകുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. കടത്തുന്നതിനു മുന്നോടിയായി ഫാക്ടറിയുടെ 200 മീറ്റർ ചുറ്റളവിൽ കൊട്ടിയടച്ചു. പ്രത്യേകം രൂപകല്പന ചെയ്ത 12 ലീക്ക് പ്രൂഫ്- ഫയർ റെസിസ്റ്റന്റ് പെട്ടികളിലാണ് ഇത് കയറ്റിയത്. രാസപ്രവർത്തനങ്ങൾ തടയുന്നതിനായി ജംബോ എച്ച്.ഡി.പി.ഇ ബാഗുകളിൽ പാക്ക് ചെയ്തു. 200ഓളം തൊഴിലാളികൾ ഈ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. 30 മിനിറ്റ് വീതം ഹ്രസ്വ ഷിഫ്റ്റുകളിലായി അവർ ജോലി ചെയ്തു. പി.പി.ഇ കിറ്റുകളുടെ ഉപയോഗം ഉൾപ്പെടെ കർശനമായ സുരക്ഷാ നടപടികൾ എടുത്തിരുന്നു.
അതേസമയം, മാലിന്യം എത്തിക്കുന്ന പീതാംപൂരിലെ പൗരസമൂഹത്തിൽ നിന്ന് മാലിന്യനിർമാർജനത്തിനെതിരെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. പിതാംപൂരിന് പകരം വിദേശത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പത്തിലധികം സംഘടനകൾ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ പൂർവ വിദ്യാർഥി അസോസിയേഷനിലെ ഡോക്ടർമാർ മതിയായ പരിശോധനകളില്ലാതെയെന്ന് ആരോപിച്ച് മാലിന്യ നിർമാർജന പ്രക്രിയയെ ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ചു.
മധ്യപ്രദേശിലെ ഏക അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റാണ് പിതാംപൂരിലേത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശങ്ങൾ പ്രകാരം ‘റാംകി’ എൻവിറോ എൻജിനീയർമാരാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 25 അടി ഉയരത്തിൽ നിർമിച്ച പ്രത്യേക തടി പ്ലാറ്റ്ഫോമിലാണ് മാലിന്യം കത്തിക്കുന്നത്. കത്തുന്ന പ്രക്രിയയിലും കർശനമായ ശാസ്ത്രീയ പ്രോട്ടോക്കോളുകൾ പാലിക്കുമെന്ന് അധികൃതർ പറയുന്നു. പ്രാരംഭ പരിശോധന, കാലാവസ്ഥ, താപനില, ദഹിപ്പിക്കാനുള്ള അളവ് എന്നിവ നിർണയിക്കും.
മണിക്കൂറിൽ 90 കി.ഗ്രാം വേഗതയിൽ, 337 ടൺ മാലിന്യം നീക്കം ചെയ്യാൻ ഏകദേശം 153 ദിവസമെടുക്കും. വേഗത മണിക്കൂറിൽ 270 കിലോഗ്രാം ആയി ഉയർത്തിയാൽ 51 ദിവസമെടുക്കും.
ഫാക്ടറി കാമ്പസിനുള്ളിൽ മൂന്ന് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നത്. മാലിന്യം സംഭരിച്ച സ്ഥലങ്ങളിലെ പൊടിയും മണ്ണും പരിശോധനക്കായി കൊണ്ടുപോകുന്നുണ്ട്.
വിഷ മാലിന്യത്തിൽ മണ്ണ്, കീടനാശിനി അവശിഷ്ടങ്ങൾ, ഉൽപ്പാദന പ്രക്രിയകളിൽ നിന്ന് അവശേഷിക്കുന്ന രാസവസ്തുക്കൾ എന്നിവയുൾപ്പെടെ അഞ്ചു തരം അപകടകരമായ വസ്തുക്കൾ ഉൾപ്പെടുന്നു. ഫാക്ടറിയിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് വാതകം പുറന്തള്ളപ്പെട്ട് 5,000ത്തിലധികം പേരുടെ ജീവനെടുത്ത വാതക ദുരന്തത്തിന് ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ് നിർമാർജന പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.