സാങ്കേതിക തകരാർ പതിവായി; സ്പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: വിമാനങ്ങളിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ട്രേറ്റ് ഓഫ് സിവിൽ ഏവിയേഷൻ. 18 ദിവസത്തിനുള്ളിൽ എട്ട് സാങ്കേതിക തകരാറുകളാണ് കണ്ടെത്തിയത്.
സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിമാന സർവീസുകൾ ഉറപ്പാക്കുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡി.ജി.സി.എ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഡി.ജി.സി.എ നോട്ടീസിന്റെ പകർപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ചെറിയ പിഴവുപോലും കൃത്യമായി പരിശോധിച്ച് തിരുത്തുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വിള്ളലുണ്ടായതിനെ തുടർന്ന് കാണ്ട്ല-മുംബൈ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഡൽഹിയിൽ നിന്നും ദുബൈയിലേക്ക് യാത്ര പുറപ്പെട്ട സ്പൈസ്ജെറ്റ് എസ്.ജി-11 വിമാനവും ഇന്‍റിക്കേറ്റർ ലൈറ്റിലുണ്ടായ തകരാർ കാരണം ഇന്നലെ പാകിസ്താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ചൈനയിലേക്ക് പോയ കാർഗോ വിമാനം കാലാവസ്ഥ റെഡാർ പ്രവർത്തിക്കാത്തതിനെ തുടർന്ന് കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു.
നാലു ദിവസങ്ങൾക്ക് മുമ്പ് കാബിനിൽ പുക പടർന്നതിനെതുടർന്ന് ഡൽഹിയിൽ നിന്നും ജബൽപൂരിലേക്ക് യാത്രതിരിച്ച സ്പൈസ് ജെറ്റിന്‍റെ മറ്റൊരു വിമാനവും ഡൽഹിയിൽ അടിയന്തരമായി ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.