‘‘ദൈവം കഴിഞ്ഞാൽ നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ’’
text_fieldsഇസ്ലാമാബാദ്: ‘‘ദൈവം കഴിഞ്ഞാൽ നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ’’; പാക് യുവാവ് ട്വിറ്ററിൽ കുറിച്ചു. നിമിഷങ്ങൾക്കകം പാക് യുവതിക്ക് ഇന്ത്യയിലേക്ക് വരാൻ മെഡിക്കൽ വിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തെൻറ സഹോദരിയുടെ അടിയന്തര ചികിത്സക്കായി ഇന്ത്യയിലേക്ക് വരാൻ മെഡിക്കൽ വിസ അനുവദിക്കണമെന്ന് ഷാഹ്സെയ്ബ് ഇഖ്ബാലാണ് ട്വിറ്ററിൽ അഭ്യർഥനയുമായി എത്തിയത്. ‘‘ദൈവം കഴിഞ്ഞാൽ നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ, മെഡിക്കൽ വിസ നൽകാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയെ അനുവദിക്കൂ’’- എന്നായിരുന്നു ഷാഹ്സെയ്ബ് ഇഖ്ബാലിെൻറ അഭ്യർഥന.
‘‘താങ്കളുടെ പ്രതീക്ഷയെ ഇന്ത്യ ഇല്ലാതാക്കില്ല. എത്രയും വേഗം താങ്കൾക്ക് വിസ അനുവദിക്കും’’ എന്നായിരുന്നു സുഷമയുടെ മറുപടി. ഇഖ്ബാലിെൻറ സഹോദരിയും അഭ്യർഥനയുമായി എത്തിയിരുന്നു. താങ്കൾക്ക് മെഡിക്കൽ വിസ ഉടൻ അനുവദിക്കാമെന്നായിരുന്നു സുഷമയുടെ മറുപടി.
മനുഷ്യത്വപരമായ കാര്യങ്ങളിൽ പോലും ഇന്ത്യ രാഷ്ട്രീയം നോക്കുന്നുവെന്ന പാകിസ്താെൻറ ആരോപണത്തിന് പിന്നാലെയായിരുന്നു ഇന്ത്യയിലേക്ക് തെൻറ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ വിസ അനുവദിക്കണമെന്ന പാക് യുവാവിെൻറ അഭ്യർഥന. സജിത ബക്ഷിന് നേരത്തേ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, ശസ്ത്രക്രിയക്കുശേഷം ആരോഗ്യപ്രശ്നങ്ങൾ വീണ്ടും തുടങ്ങിയതിനാലാണ് സജിതയും സഹോദരനും മെഡിക്കൽ വിസ അനുവദിക്കണമെന്ന അഭ്യർഥനയുമായി എത്തിയത്.
സജിതയെ കൂടാതെ മറ്റൊരു പാക് പൗരയായ കിഷ്വാർ സുൽത്താനക്കും നോയിഡയിലെ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി മെഡിക്കൽ വിസ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ വിസക്ക് അർഹരായ എല്ലാ പാകിസ്താനികൾക്കും വിസ അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിനത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.