അർണബിനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അക്ഷിത നായിക്
text_fieldsമുംബൈ: ആത്മഹത്യപ്രേരണ കേസിൽ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അൻവയ് നായികിന്റെ ഭാര്യ അക്ഷിത. അർണബിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷിത നായിക്.
"ഈ ദിവസം എന്‍റെ ജീവിതത്തിൽ വന്നതിന് മഹാരാഷ്ട്ര പൊലീസിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വളരെയധികം ക്ഷമ കാത്തുസൂക്ഷിച്ചു. എന്‍റെ ഭർത്താവും അമ്മായിയമ്മയും മടങ്ങിവരില്ലെങ്കിലും അവർ ഇപ്പോഴും എനിക്കായി ജീവിച്ചിരിക്കുന്നു" -അക്ഷിത പറഞ്ഞു.
ഇൻറീരിയർ ഡിസൈനറായിരുന്ന അൻവയ് നായിക്, മാതാവ് കുമുദ് നായിക് എന്നിവർ 2018ൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുംബൈയിലെ വസതിയിൽ നിന്നാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപബ്ലിക് ടിവിയുടെ ഓഫിസിൽ ഇൻറീരിയർ ഡിസൈനിങ് ചെയ്ത വകയിൽ പണം നൽകാഞ്ഞത് ബിസിനസ് തകർച്ചക്കിടയാക്കിയെന്ന് അൻവയ് നായിക് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക് തരാനുള്ള പണം നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുറിപ്പിൽ പറഞ്ഞത്. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്റ്റ് അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സിന്റെ നിതീഷ് സർദ എന്നിവരാണ് തനിക്ക് പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ് കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു.
അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ് വാദിച്ചിരുന്നത്.
മരണത്തിനു പിന്നാലെ കേസെടുത്തിരുന്നെങ്കിലും അർണബിനും മറ്റുമെതിരെ തെളിവില്ലെന്നു പറഞ്ഞ് 2019ൽ റായ്ഗഢ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് 2020 മെയിൽ അൻവയുടെ മകൾ അദ്ന്യ നായിക് കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. മെയിൽ തന്നെ ആഭ്യന്തര വകുപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു. പുനരന്വേഷണം നടക്കവെയാണ് അർണബിന്റെ അറസ്റ്റ്.
കേസന്വേഷണം വഴിതിരിച്ചുവിടാൻ അർണബ് ശ്രമിച്ചതായി അക്ഷിതയും മകൾ അദ്ന്യയും നേരത്തെ ആരോപിച്ചിരുന്നു. നീതിതേടി പ്രധാനമന്ത്രിക്കും റായ്ഗഡ് പൊലീസ് സൂപ്രണ്ടിനും ഹരജി നൽകിയിരുന്നെങ്കിലും അർണബ് ഉൾപ്പെട്ടതു കൊണ്ട് കേസ് മൂടിവെക്കപ്പെടുകയായിരുന്നു. കേസിൽ രാഷ്ട്രീയമില്ലെന്നും തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.