'ഔറംഗാബാദ് മാത്രം മാറ്റിയാൽ പോര'; പുണെയുടെയും അഹമദ്നഗറിന്റെയും പേര് മാറ്റണമെന്ന് ആവശ്യം
text_fieldsമുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും ഏറ്റുമുട്ടൽ തുടരുന്നതിനിടെ, പുരാതന നഗരങ്ങളായ പുണെയുടെയും അഹമദ്നഗറിന്റെയും പേരുമാറ്റണമെന്ന് ആവശ്യം. പുണെക്ക് ജിജാനഗർ എന്നും അഹമദ്നഗറിനെ അംബികാനഗർ എന്നാക്കണമെന്നുമാണ് ആവശ്യം.
പുണെയുടെ പേര് ജിജാനഗർ ആക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ പ്രധാന സംഘടനകളിലൊന്നായ സംബാജി ബ്രിഗേഡ് രംഗത്തെത്തി. ഛത്രപതി ശിവജിയുടെ മാതാവിന്‍റെ പേരായ ജിജാഭായ് യുടെ സ്മരണാർഥം ജിജാനഗർ എന്ന പേരു നൽകണമെന്നാണ് ആവശ്യം.
പുണെയുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് സംബാജി ബ്രിഗേഡ് നേതാവ് പ്രശാന്ത് ധൂമൽ പറഞ്ഞു. മുരാർ ജഗ്ദേവ് പുണെ നഗരം തകർത്തപ്പോൾ ജിജാഭായ് ആണ് നഗരം വീണ്ടും കെട്ടിപ്പടുത്തത്. ഇതിൽ കഴിഞ്ഞ 25 വർഷമായി പുണെയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നു. സർക്കാറുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയാതായും പ്രശാന്ത് ധൂമൽ കൂട്ടിച്ചേർത്തു.
അഹമദാനഗറിന്‍റെ പേര് അംബികാനഗർ എന്നാക്കണമെന്ന ആവശ്യവുമായി ശിവസേന എം.പിയാണ് രംഗത്തെത്തിയത്. അംബിക ദേവിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം അംബിക നഗർ എന്നാക്കണമെന്നാണ് ശിവസേന നേതാവിന്‍റെ ആവശ്യം. 1490ൽ അഹ്മദ് നിസാം ഷാ ഒന്നാമൻ സ്ഥാപിച്ച ചരിത്ര പ്രധാന്യമുള്ള നഗരമാണ് അഹമദാനഗർ.
ഔറംഗാബാദിന്‍റെ പേര് സംബാജിനഗർ എന്നാക്കണമെന്നാണ് വർഷങ്ങളായി ശിവസേന ഉയർത്തുന്ന ആവശ്യം. എന്നാൽ സഖ്യകക്ഷികളിൽനിന്നടക്കം എതിർപ്പ് ഉയർന്നതിനെ തുടർന്ന് പേരു മാറ്റം സംബന്ധിച്ച തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. മുഗൾ ഭരണാധികാരി ഔറംഗസേബിന്‍റെ സ്മരണാർഥമാണ് നഗരത്തിന് ഔറംഗബാദ് എന്ന പേര് വന്നത്. ഛത്രപതി ശിവജിയുടെ മകന്‍റെ പേര് സൂചിപ്പിക്കുന്നതാണ് സംബാജിനഗർ എന്ന പേര്. എന്നാൽ പേരുമാറ്റത്തെ എന്തു വിലകൊടുത്തും എതിർക്കുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.