യു.എ.പി.എ കേസിൽ ജാമ്യം കിട്ടിയിട്ടും സിദ്ധീഖ് കാപ്പനും മുഹമ്മദ് ആലമും ജയിലിൽ തുടരുന്നത് എന്ത്കൊണ്ട്?
text_fieldsലഖ്നോ: യു.എ.പി.എ കേസിൽ തന്റെ ഭർത്താവിന് സുപ്രീംകോടതി ജാമ്യം നൽകിയത് വലിയ ആശ്വാസമാണെന്നാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചത്. ഈ മാസം ഒമ്പതിനാണ് കാപ്പന് സുപ്രീംകോടതി ജാമ്യം നൽകിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എല്ലാ പൗരനും അവകാശമുണ്ട്. ഹാഥറസ് ഇരക്ക് നീതി ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമം നടത്തിയത്. ഇതെങ്ങനെ നിയമത്തിന്റെ കണ്ണിൽ കുറ്റകൃത്യമാകും എന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
ആഗസ്റ്റ് 23ന് അലഹബാദ് ഹൈകോടതി 31കാരനായ മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചിരുന്നു. കാബ് ഡ്രൈവറായിരുന്നു ആലം. ഇദ്ദേഹത്തിന്റെ വാഹനത്തിലാണ് കാപ്പനും സംഘവും ഹാഥറസിൽ എത്തിയത്. ആലമിനെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്നും സ്പർധയുണ്ടാക്കുന്ന യാതൊന്നും ആലമിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
എന്തുകൊണ്ടാണ് കാപ്പനും ആലമും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തത്
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്(പി.എം.എൽ.എ-കള്ളപ്പണം വെളുപ്പിക്കൽ തടയൽ) പ്രകാരമാണ് ഇരുവർക്കുമെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ ഇവരുടെ അഭിഭാഷകൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.
പോപുലർ ഫ്രണ്ടിൽ(പി.എഫ്.ഐ) നിന്ന് പണം സ്വീകരിച്ചുവെന്നാണ് കാപ്പനും ആലമിനും എതിരെയുള്ള പ്രധാന ആരോപണം. പി.എഫ്.ഐയുടെ വിദ്യാർഥി സംഘടന നേതാവ് റഊഫ് ശരീഫ് ആണ് ഇവർക്ക് ഹാഥറസിലേക്ക് യാത്ര ചെയ്യാൻ പണം നൽകിയതെന്നാണ് ആരോപണം. കലാപത്തിന് പ്രേരണ നൽകുന്നതിനാണ് കാപ്പൻ ഇവരിൽ നിന്ന് 45,000 രൂപ കൈപ്പറ്റിയതെന്ന് മുതിർന്ന അഭിഭാഷകനായ മഹേഷ് ജെത്മലാനി സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. യഥാർഥത്തിൽ തന്റെ മാധ്യമപ്രവർത്തനത്തിനുള്ള ശമ്പളമാണ് ആ തുകയെന്നും ലോക്ഡൗൺ കാലമായതിനാലാണ് അത് എ.ടി.എമ്മിൽ പണമായി നിക്ഷേപിച്ചതെന്നും കാപ്പന്റെ കേസ് വാദിക്കുന്ന അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.