'ഈ സർക്കാരിൽ നമുക്ക് പ്രതീക്ഷയില്ല, പോരാട്ടം തുടരും'; ലഖിംപുർ ഖേരി ഇരകളുടെ ബന്ധുക്കൾ
text_fieldsലഖ്നോ: ലഖിംപൂർ ഖേരിയിൽ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊന്നക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിൽ കടുത്ത നിരാശയുമായി ബന്ധുക്കൾ. ഇത്രയും പെട്ടെന്ന് ജാമ്യം ലഭിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട 19കാരൻ ഗുർവീന്ദർ സിങ്ങിന്റെ പിതാവ് സുഖ്‌വീന്ദർ സിങ് പറഞ്ഞു. ഈ സർക്കാറിൽ ഞങ്ങൾക്ക് നേരത്തെയും പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഞങ്ങൾ അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുഖ്വീന്ദർ ചൂണ്ടിക്കാട്ടി.
കർഷകർ സമ്മർദ്ദം ചെലുത്തിയിട്ടും അജയ് മിശ്രയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാതെ സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന കാരണം പറയുകയാണ് കേന്ദ്ര സർക്കാർ. മോദി ജി അവിടെ ഇരുന്ന് ഒന്നിനുപുറകെ ഒന്നായി രാഷ്ട്രീയ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന് സ്വന്തം മന്ത്രിയെ നീക്കം ചെയ്യാൻ പോലും കഴിയുന്നില്ല -സുഖ്‌വീന്ദർ സിങ് കൂട്ടിച്ചേർത്തു.
ഒരു പ്രതിക്ക് ജാമ്യം നൽകുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ലെന്ന് കർഷകർക്കൊപ്പം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ സഹോദരൻ അമൻ കശ്യപ് പറഞ്ഞു. ഞങ്ങൾ പോരാട്ടം തുടരും. അയാൾക്ക് ജാമ്യം ലഭിച്ചതു കൊണ്ട് കേസ് അവസാനിച്ചുവെന്ന് അർഥമാക്കുന്നില്ലെന്നും അമൻ ചൂണ്ടിക്കാട്ടി.
ഇവരൊക്കെയാണ് (ബി.ജെ.പി) സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ളത്. അതുകൊണ്ടാണ് ഇത് സംഭവിച്ചത്. എന്നാൽ, ജനങ്ങൾ അവർക്ക് മറുപടി നൽകും. സർക്കാർ മാറിയാൽ ഇപ്പോൾ ചെയ്യുന്നത് ചെയ്യാൻ കഴിയില്ലെന്ന് അവർക്ക് തോന്നിയിരിക്കാം -അമൻ കശ്യപ് കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞത്. ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരം സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. സുപ്രീംകോടതി ഏത് കമ്മിറ്റി രൂപീകരിക്കാനാണോ ഏത് ജഡ്ജി അന്വേഷിക്കാനാണോ ആഗ്രഹിച്ചത് അതിന് സംസ്ഥാന സർക്കാർ സമ്മതം നൽകി. സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടന്ന കർഷക സമരത്തെ അനുകൂലിച്ച് ലഖിംപൂർ ഖേരിയിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകരുടെ പ്രതിഷേധ മാർച്ചിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
എസ്.യു.വിയുടെ ബ്രേക് ചവിട്ടാതെ മന്ത്രി പുത്രൻ മനഃപൂർവം കർഷകരെ കൊല്ലുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് മുഖ്യപ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനിടെയാണ് ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത്.
ഉത്തർപ്രദേശിൽ ബി.ജെ.പി രണ്ടാമൂഴത്തിന് കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്തെ ഹൈകോടതി ഉത്തരവ് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഏഴാംഘട്ട വോട്ടെടുപ്പിലാണ് ലഖിംപുർ ഖേരി ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.