ബാങ്ക് ലയനം കഴിഞ്ഞാൽ സ്വകാര്യവത്കരണം -സി.പി.എം
text_fieldsന്യൂഡൽഹി: ബാങ്ക് ലയനത്തിെൻറ അടുത്തപടി സ്വകാര്യവത്കരണമെന്ന് സി.പി.എം. ലയനം വഴി വലിയ ബാങ്കുകൾ ഉണ്ടാവുകയും ശക്തിപ്പെടുകയും ചെയ്യുമെന്നാണ് സർക്കാർ വാദം. എന്നാൽ, സർക്കാർ ഒാഹരി 50 ശതമാനത്തിന് താഴേക്കു കൊണ്ടുവരുകയാണ് സർക്കാർ നയമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്ക് ലയനം വഴി ഗ്രാമീണ മേഖലയിലെ ചെറുകിട സമ്പാദ്യം ചിട്ടി ഫണ്ടുകാരിലേക്കും വട്ടിപ്പണക്കാരിലേക്കും കൂടുതലായി എത്തും. ശാഖകൾ കുറയുന്നത് ഗ്രാമീണ മേഖലയിൽ ബാങ്കിങ് പ്രവർത്തനം കുറക്കും. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം നടന്നപ്പോൾ ആയിരത്തോളം ശാഖകൾ പൂട്ടിപ്പോയി. ദേന, വിജയ ബാങ്കുകൾ ബാങ്ക് ഒാഫ് ബറോഡയിൽ ലയിപ്പിച്ചതുവഴി 800ഓളം ശാഖകൾ പൂട്ടുമെന്നാണ് കണക്കാക്കുന്നത്.
പൊതുമേഖല ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ മറച്ചുവെക്കുകയുമാണ് സർക്കാർ. കോർപറേറ്റുകളുടെ വായ്പ കുടിശ്ശിക കാരണം കിട്ടാക്കടം പെരുകി. വൻകിട വായ്പകൾ തിരിച്ചുപിടിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാറിന് കഴിയുന്നില്ല. അഞ്ചുവർഷത്തിനിടയിൽ കിട്ടാക്കടം നാലിരട്ടിയായി. 2014നു ശേഷം 5.5 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. ബാങ്കുകൾ ദേശസാത്കരിച്ചതിെൻറ 50ാം വാർഷികത്തിൽ പൊതുമേഖല ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിനു പകരം, ഇല്ലാതാക്കുകയാണ് മോദിസർക്കാറെന്ന് സി.പി.എം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.