മണിപ്പൂർ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചർച്ച; തീരുമാനമായില്ല
text_fieldsഇംഫാൽ: കലാപം ജനജീവിതം തകർത്ത മണിപ്പൂരിൽ മുഖ്യമന്ത്രി സ്ഥാനം എൻ.ബിരേൻ സിങ് രാജിവെച്ചൊഴിഞ്ഞതിനുപിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തീരുമാനമായില്ല. മണിപ്പൂർ ചുമതലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്ര തിങ്കളാഴ്ച ബി.ജെ.പി സാമാജികരുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഭരണത്തലവനെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.
ബിരേൻ സിങ്ങുമായി നല്ല ബന്ധത്തിലല്ലാത്ത ചില പ്രമുഖരെയും പത്ര കണ്ടു. ഇവരിൽ സ്പീക്കർ തോകചോം സത്യബ്രത, മന്ത്രിമാരായ വൈ.ഖേംചന്ദ്, തൗനോജം ബസന്ത കുമാർ സിങ്, എം.എൽ.എ രാധേശ്യാം എന്നിവരും ഉൾപ്പെടും. രാപ്പകലില്ലാതെ യോഗങ്ങളും ചർച്ചകളും തുടരുകയാണ്. സംസ്ഥാനത്തുടനീളം സുരക്ഷ കർശനമാക്കിയിട്ടുണ്ട്. നേരത്തെ പ്രശ്നങ്ങളുണ്ടായ മേഖലകളിൽ കൂടുതൽ സേനയെ വിന്യസിച്ചു.
അതിനിടെ, ബിരേൻ സിങ്ങിന്റെ രാജി സ്വാഗതം ചെയ്ത കോൺഗ്രസ് രാഷ്ട്രപതി ഭരണ നീക്കമുണ്ടായാൽ എതിർക്കുമെന്ന് വ്യക്തമാക്കി. പുതിയ സർക്കാറാണ് വേണ്ടതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.മേഘചന്ദ്ര പറഞ്ഞു. സിങ് നേരത്തെ രാജിവെക്കണമായിരുന്നു. അവിശ്വാസത്തിൽ വീഴുമെന്നുറപ്പായതിനുശേഷമാണ് രാജിവെച്ചത്. സംസ്ഥാനത്തെ ഈ നിലയിലാക്കിയത് സിങ് സർക്കാറിന്റെ ഭരണ പരാജയമാണ്-അദ്ദേഹം തുടർന്നു. നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി)യും രാജി സ്വാഗതം ചെയ്തു.
ബി.ജെ.പിയുമായുള്ള സഹകരണം തുടരുമെന്ന് പാർട്ടി നേതാവ് ശൈഖ് നൂറുൽ ഹസൻ പറഞ്ഞു. 60 അംഗ സഭയിൽ എൻ.പി.പിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇവർ കഴിഞ്ഞ നവംബറിൽ ബിരേൻ സിങ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും എൻ.ഡി.എ വിട്ടിരുന്നില്ല. സിങ്ങിന്റെ രാജി നേരത്തെ സംഭവിക്കേണ്ടതായിരുന്നുവെന്ന് കുകി വിദ്യാർഥി നേതാവ് എം. തെങിൻമാങ് ഹാവോകിപ് പറഞ്ഞു. മണിപ്പൂർ കലാപം തുടങ്ങി 649 ദിവസത്തിന് ശേഷമാണ് ബിരേൻ സിങ് രാജിവെച്ചത്. കഴിഞ്ഞ ദിവസം രാജി സ്വീകരിച്ച ഗവർണർ, പകരം സംവിധാനമാകുന്നതുവരെ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജി: വൈകിയുദിച്ച വിവേകമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി വൈകിയുദിച്ച വിവേകമെന്ന് പ്രതിപക്ഷ നേതാക്കൾ. നിയമസഭയിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ഒഴിവാക്കാനുള്ള നടപടിയായിരുന്നു രാജി. സംഘർഷം രൂക്ഷമായ സംസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ സന്ദർശിക്കുമെന്ന പ്രതീക്ഷയും നിരവധി പ്രതിപക്ഷ എം.പിമാർ പ്രകടിപ്പിച്ചു.
ഏറെ വൈകിയ രാജിയാണിതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ പ്രതികരിച്ചു. കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ പിന്തുണയില്ലെന്ന് വ്യക്തമായതാണ് രാജിക്ക് കാരണം- അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മുമ്പേ രാജിവെക്കേണ്ടതായിരുന്നുവെന്നും കാലതാമസം വന്നത് ദൗർഭാഗ്യകരമാണെന്നും സി.പി.എം എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളും പ്രതിപക്ഷവും രണ്ട് വർഷമായി ആവശ്യപ്പെടുന്ന രാജിയാണിതെന്ന് ശിവസേന (ഉദ്ധവ്താക്കറെ താക്കറെ) എം.പി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. അവിശ്വാസത്തെ സ്വന്തം പാർട്ടിക്കാർ പിന്തുണക്കുമെന്ന് ഭയന്നാണ് രാജി ആവശ്യപ്പെട്ടത്. ഇതിന് ഇത്രകാലം വൈകിയത് സങ്കടകരമാണ് - അവർ പറഞ്ഞു.
ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്റെ അവസാനമാണിതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഫ്രാൻസിൽനിന്നും അമേരിക്കയിൽനിന്നും സമയം കിട്ടിയാൽ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് ഒരു യാത്ര നടത്തണമെന്ന് മൊയ്ത്ര പരിഹസിച്ചു. ജനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന് ഇപ്പോൾ തൃപ്തിയുണ്ടോയെന്ന് ആരാഞ്ഞ സമാജ്വാദി പാർട്ടിയുടെ രാജീവ് രാജി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
മണിപ്പൂരിൽ ഏഴ് തീവ്രവാദികൾ പിടിയിൽ
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിരോധിത സംഘടനയായ നാഷനൽ റവല്യൂഷനറി ഫ്രണ്ട് ഓഫ് മണിപ്പൂരിന്റെ (എൻ.ആർ.എഫ്.എം) ഒളിത്താവളം തകർത്ത സുരക്ഷാസേന ഏഴ് തീവ്രവാദികളെ അറസ്റ്റ്ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഇവരിൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.