ബി.ജെ.പി ഭരണത്തിൽ മണിപ്പൂരിൽ ബന്ദും കർഫ്യൂവും ഇല്ലാതായി -അമിത് ഷാ
text_fieldsഇംഫാൽ: ആറുവർഷമായി ബി.ജെ.പി അധികാരത്തിലിരിക്കുന്ന മണിപ്പൂരിൽ ബന്ദുകളും കർഫ്യൂകളും ഇല്ലാതായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 80പേർ കൊല്ലപ്പെട്ട വംശീയ സംഘർഷത്തെ തുടർന്ന് ത്രിദിന സന്ദർശനത്തിന് സംസ്ഥാനത്തെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അതിനിടെ, ഒരുമാസമായി തുടരുന്ന സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് കർഫ്യൂ തുടരുകയാണ്. ചില പ്രദേശങ്ങളിൽ ഏതാനും മണിക്കൂർ ഇളവ് അനുവദിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും റോഡ് തടയുകയോ കർഫ്യൂ ലംഘിക്കുകയോ ചെയ്യരുതെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
മേയ് മൂന്നിന് തുടങ്ങിയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ആഴ്ചകളോളമാണ് കർഫ്യൂ നടപ്പാക്കിയത്. കർഫ്യൂ കാരണം കുട്ടികൾക്ക് സ്കൂളിലോ കോളജിലോ ജീവനക്കാർക്ക് ഓഫിസിലോ പോകാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. ‘വിദ്യാർഥികൾക്ക് അവരുടെ മത്സര പരീക്ഷ പരിശീലന ക്ലാസുകളിൽ പോലും പങ്കെടുക്കാൻ കഴിയുന്നില്ല. അവശ്യസാധന വില കുതിച്ചുയരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു’ -റിപ്പോർട്ടിൽ പറഞ്ഞു.
അതേസമയം, തെറ്റിദ്ധാരണയുടെ ഫലമായാണ് വംശീയ സംഘർഷങ്ങൾ ഉടലെടുത്തതെന്നും മണിപ്പൂരിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് ചർച്ച മാത്രമാണ് പരിഹാരമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. സംഘർഷത്തെക്കുറിച്ച് റിട്ട. ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കും. കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറുമാണ് വഹിക്കുക. മണിപ്പൂർ ഗവർണർ അനുസൂയ യൂകേയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുക്കി- മെയ്തേയ് സമുദായ നേതൃത്വം, സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവരടങ്ങിയ സമാധാന സമിതി രൂപവത്കരിക്കുമെന്നും ഇന്ന് രാവിലെ ഇംഫാലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
അതിനിടെ, മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ഇന്നലെ രാത്രി കുക്കി വംശജരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മണിപ്പൂരിലെ അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനകൾ സിബിഐ അന്വേഷിക്കും. അക്രമം ഒരു താൽക്കാലികപ്രതിഭാസമാണ്. തെറ്റിദ്ധാരണകൾ നീങ്ങിയാൽ സ്ഥിതിഗതികൾ സാധാരണനിലയിലാകും -അദ്ദേഹം പറഞ്ഞു.
ഇന്ത്യ-മ്യാൻമർ അതിർത്തി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ അതിർത്തിയിൽ വേലി നിർമിക്കും. അതിർത്തി കടന്ന് മയക്കുമരുന്ന് കള്ളക്കടത്തും തീവ്രവാദ പ്രവർത്തനങ്ങളും നടക്കുന്നതായി ആശങ്കയുണ്ട്. അയൽരാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് കുക്കി, മെയ്തേയ് സമുദായാംഗങ്ങളെ കാണുകയും സമാധാന പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തുവെന്നും ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.