സുപ്രീംകോടതി ശാസിച്ചു; ഒടുവിൽ ഡൽഹി ധരം സൻസദിലെ വിദ്വേഷ പ്രസംഗത്തിൽ കേസെടുത്ത് പൊലീസ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ ശാസനയെ തുടർന്ന് ഡൽഹി ധരം സൻസദിലെ വിദ്വേഷ പ്രസംഗത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച പൊലീസ്, ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സുദർശൻ ന്യൂസ് ടി.വി ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെ വിദ്വേഷ പ്രസംഗം നടത്തിയത്. ഈ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ നാമെല്ലാവരും പ്രതിജ്ഞ ചെയ്യണം. നമ്മൾ അതിനായി പോരാടണം, അതിനായി മരിക്കണം, ആവശ്യമെങ്കിൽ അതിനായി കൊല്ലണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വർഗീയ പരാമർശം.
കഴിഞ്ഞവർഷം ഡിസംബർ 19നായിരുന്നു പരിപാടി നടന്നത്. എന്നാൽ, പരിപാടിയിൽ വിദ്വേഷ പ്രസംഗം നടന്നില്ലെന്ന നിലപാടിലായിരുന്നു ഡൽഹി പൊലീസ്. കോടതി രൂക്ഷ വിമർശനം നടത്തിയതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ദൃശ്യങ്ങൾ പരിശോധിച്ചശേഷം പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി പൊലീസിന്‍റെ പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു.
പരാതിയിലെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ യൂട്യൂബിൽ കണ്ടെത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പിന്നാലെയാണ് മെയ് നാലിന് ഒഖ്ല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പരിപാടിയിൽ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടന്നിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസ് നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.
ഏപ്രിൽ 22ന് ഇതുമായി ബന്ധപ്പെട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും അന്ന് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.