ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: മുംബൈയിലും സുരക്ഷാ നടപടി
text_fieldsമുംബൈ: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ മുംബൈ പൊലീസ് പരിശോധന നടത്തി.
ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഇസ്രായേലി, ജൂത കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2008 ലെ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ട കൊളാബയിലെ ചബാദ് ഹൗസ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സായുധ പോലീസ് കമാൻഡോകൾക്കൊപ്പം ഡോഗ് സ്ക്വാഡ്, കവചിത വാഹനങ്ങളടക്കം സ്ഥലത്ത് വിന്യസിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ഡൽഹിയിലെ ഹൃദയഭാഗത്തുള്ള ഇസ്രായേൽ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. റിപബ്ലിക് ദിനാഘോഷത്തിന് സമാപനംകുറിക്കുന്ന ബീറ്റിങ് ദ ട്രീറ്റ് വിജയ് ചൗക്കിൽ നടക്കുന്നതിനിടെ ഒന്നര കിലോമീറ്റർ അകലെയായിരുന്നു സ്ഫോടനം.
നടപ്പാതക്ക് സമീപമായിരുന്നു സ്‌ഫോടനമെന്നും മൂന്ന് കാറുകളുടെ വിൻഡ്‌സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് ഡൽഹി പൊലീസ് അറിയിച്ചത്. സംഭവത്തിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ എംബസി അധികൃതരുമായി ചർച്ച നടത്തി. സർക്കാർ ഓഫീസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകിയെന്നും കൂടുതൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയെന്നും സി.ഐ.എസ്.എഫ്) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.