കോവിഡ് കപ്പ വകഭേദം ബാധിച്ച് യു.പിയിൽ ഒരുമരണം
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം കൂടാതെ കപ്പ വകഭേദവും ഉത്തർപ്രദേശിൽ സ്ഥിരീകരിച്ചു. യു.പിയിൽ 'കോവിഡ് കപ്പ' ബാധിച്ച് 66കാരൻ മരിച്ചു. കോവിഡിന്‍റെ B.1.617.1 ഇനമാണ് കപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്. B.1.617.2 വകഭേദമാണ് ഡെൽറ്റ (Delta). ഇന്ത്യയിലാണ് ഇവ സ്ഥിരീകരിച്ചത്.
ഡെൽറ്റ പ്ലസ് ഇനത്തിൽ രണ്ട് കേസുകൾ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് സന്ത് കബീർ നഗറിലെ ഒരുരോഗിയുെട മരണം കപ്പ വകഭേദം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മെയ് 27ന് കോവിഡ് ബാധിച്ച ഇദ്ദേഹം ജൂൺ 14 നാണ് മരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 12 ന് ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ജൂൺ 13 ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് കപ്പ വകഭേദമാണെന്ന് കണ്ടെത്തിയതെന്നും മൈക്രോബയോളജി വിഭാഗം മേധാവി അമ്രേഷ് സിങ് പറഞ്ഞു. സി.എസ്.ഐ.ആറിന്‍റെ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്.
യു.പിയിൽ കോവിഡ് ഡെൽറ്റ പ്ലസ് ബാധിച്ച രണ്ടുപേരിൽ ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഡിയോറിയ സ്വദേശിയായ 66കാരനാണ് മരിച്ചത്. ഗോരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിലെ റസിഡന്‍റ് ഡോക്ടറായ 23 കാരനാണ് മറ്റൊരു രോഗി. ഇന്നലെ യു.പിയിൽ 112 പേർക്കാണ് കോവിഡ് ബാധിച്ചത്. 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 22,676 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.