ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയിൽ
text_fieldsന്യൂഡൽഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വീണ്ടും അപകടകരമായ നിലയിലെത്തി. കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) അപകടകരമായ നിലയിലെത്തി. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിലും എ.ക്യു.ഐ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ 900 വരെ ഉയർന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗറിൽ 959, കരോൾ ബാഗിൽ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ രേഖപ്പെടുത്തിയത്.
വായു ഗുണനിലവാരം കുറയുമ്പോഴാണ് എ.ക്യു.ഐയിൽ വർധനവുണ്ടാകുന്നത്. ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എ.ക്യു.ഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്. ദീപാവലി ദിനം ഡൽഹിയിൽ തെളിഞ്ഞ ആകാശമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചൂട് കുറഞ്ഞത് അന്തരീക്ഷ മലിനീകരണത്തോത് വർധിപ്പിച്ചു. രാത്രിയോടെയാണ് അന്തരീക്ഷം മോശമായത്.
കർശന നിരോധനത്തിലും ഡൽഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചിട്ടുണ്ട്. ഇതുമൂലം ഡൽഹിയിലെ വായു മലിനീകരണം വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഡൽഹിയിലെ എ.ക്യു.ഐ 218 ആയിരുന്നു. ഈ വർഷം ദീപാവലിക്ക് തൊട്ടുമുമ്പ് ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടായിരുന്നു. വ്യാഴാഴ്‌ച ദിവസം ശരാശരി എ.ക്യു.ഐ 437ആയിരുന്നു. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകൾ പ്രകാരം 2022 മുതൽ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ എ.ക്യു.ഐ. മാത്രമല്ല വൈക്കോൽ കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ ഡൽഹിയിലെ വായു മലിനീകരണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ബേരിയം അടങ്ങിയ പടക്കങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ ഡൽഹി സർക്കാരിന്‍റെ പടക്ക നിരോധനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു. ഒക്‌ടോബർ 28 മുതൽ രണ്ടാഴ്ചക്കാലം ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലായിരുന്നു. ഈ കാലയളവിൽ പുകമഞ്ഞിൽ മൂടപ്പെട്ട നിലയിലായിരുന്നു രാജ്യം.
അതേസമയം ദീപാവലിക്ക് മുൻപ് ചെറിയ രീതിയിലുള്ള മഴയും മറ്റു അനുകൂല കാലാവസ്ഥകളും കാരണം വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പഞ്ചാബും ഹരിയാനയും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. ശനിയാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററായി ഉയരുമെന്നും ഇത് ദീപാവലിക്ക് മുമ്പ് മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും മലിനീകരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.