കർണാടകയിലും ഭഗവദ് ഗീത സ്കൂൾ സിലബസിലേക്ക്
text_fieldsബംഗളൂരു: ഗുജറാത്ത് മോഡലിൽ 'മോറൽ സയൻസി'ന്റെ മറവിൽ കർണാടകയിലെ സ്കൂളുകളിലും ഭഗവദ്ഗീത സിലബസിൽ ഉൾപ്പെടുത്താൻ നീക്കം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
മോറൽ സയൻസ് സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അത് വിദ്യാർഥികളിൽ സ്വാധീനം ചെലുത്തും. ഗുജറാത്തിൽ മൂന്നുഘട്ടങ്ങളിലായാണ് മോറൽ സയൻസ് സിലബസിൽ ഉൾപ്പെടുത്തുന്നതെന്നും ആദ്യ ഘട്ടത്തിൽ ഭഗവദ് ഗീതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് സിലബസ് തയാറാക്കും. ആഴ്ചയിൽ എത്ര സമയം വിഷയം പഠിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. എന്തുകൊണ്ട് ഭഗവദ് ഗീത കുട്ടികൾക്ക് പഠിപ്പിക്കുന്നില്ല എന്നതാണ് ചോദ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭഗവദ് ഗീത, രാമായണം എന്നിവ സിലബസിലുൾപ്പെടുത്തണോ എന്ന് വിദ്യാഭ്യാസ വിദഗ്ധരാണ് പറയേണ്ടത്. ഖുർആനിൽനിന്നും ബൈബിളിൽനിന്നുമുള്ള ധാർമിക കഥകളും ഉൾപ്പെടുത്താൻ അവർ നിർദേശിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഹിന്ദുത്വ അജണ്ടകൾ ഒളിച്ചുകടത്താനുള്ള ബി.ജെ.പി ശ്രമത്തോട് ഒഴുക്കൻ പ്രതികരണമാണ് പ്രതിപക്ഷമായ കോൺഗ്രസ് നടത്തിയത്. വിദഗ്ധ സംഘം ഒരുക്കിയ നിലവിലെ സിലബസിൽ അപാകതകളില്ലെന്നും ഇപ്പോൾ പുതുതായി ഒന്നും ചേർക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.