ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും കർണാടകയിൽ വിവാദം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ
text_fieldsബംഗളൂരു: സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുപോകുന്നതിൽ എതിർക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂൾ അധികൃതരുടെ നടപടി വിവാദത്തിൽ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലാണ് കുട്ടികൾ സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്.
സ്കൂളിന്റെ നിർദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാർഥികളെ ബൈബിൾ വായിക്കാൻ നിർബന്ധിക്കുകയാണ് സ്‌കൂൾ അധികൃതർ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു.
'നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ സ്വന്തം ധാർമികവും ആത്മീയവുമായ ക്ഷേമത്തിനായി രാവിലെ അസംബ്ലി വേദപാഠ ക്ലാസും ക്ലബുകളും ഉൾപ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുമെന്നും ക്ലാരൻസ് ഹൈസ്‌കൂളിൽ താമസിക്കുന്ന സമയത്ത് ബൈബിളും സ്തുതിഗീത പുസ്‌തകവും കൊണ്ടുപോകാൻ എതിർക്കില്ലെന്നും സത്യം ചെയ്യുന്നു'-പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശന സമയത്ത് മാതാപിതാക്കളിൽ നിന്ന് വാങ്ങിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ബൈബിൾ അധിഷ്‌ഠിത വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നതെന്നാണ് സ്കൂൾ അധികൃതർ നടപടിയെ കുറിച്ച് വിശദീകരിക്കുന്നത്.
സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളിൽ നിന്നും ബൈബിൾ മാറ്റണമെന്ന ആവശ്യവും കർണാടകയിൽ ശക്തമാണ്. ബൈബിൾ നിരോധനമടക്കമുള്ള നടപടികളിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലായാണ് ക്രിസ്ത്യൻ മാനേജുമെന്റുകളുടെ ഈ നീക്കമെന്നാണ് സൂചന.
ഭഗവത് ഗീതയും മഹാഭാരതവും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് ഈ വാർത്ത. അടുത്ത അധ്യയന വർഷം മുതൽ ഹിന്ദു പുരാണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നീക്കം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.