ഹൈദരാബാദ് മൃഗശാലക്ക് പുറമെ, ജയ്പുരിലെ സിംഹത്തിനും കോവിഡ്
text_fieldsജയ്പുർ: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രോഗബാധ മൃഗങ്ങളിലേക്കും പടരുന്നു. ഹൈദരാബാദിലെ മൃഗശാലക്ക് പുറമെ ജയ്പുർ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചു.
ജയ്പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതർ അറിയിച്ചു.
ത്രിപുരിന്‍റെ സാമ്പിളുകൾക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിേശാധനക്ക് അയച്ചിരിക്കുകയാണ്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. ഇതിൽ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും.
അതേസമയം പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ഐ.വി.ആർ.ഐ ജോയിന്‍റ് ഡയറക്ടർ കെ.പി. സിങ് പറഞ്ഞു.
മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാല അടച്ചിടുകയും ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത് ഇവിടെയാണ്. രോഗം സ്ഥിരീകരിച്ച സിംഹങ്ങൾ സുഖം പ്രാപിച്ച് വരുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.