'അന്താരാഷ്ട്ര ഗൂഢാലോചന'ക്ക് ശേഷം ഹാഥറസിൽ 'നക്സൽ ബന്ധം' ആരോപിച്ച് യു.പി പൊലീസ്
text_fieldsലഖ്നോ: ഹാഥറസിൽ 19കാരി ദലിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി മരിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളിൽ 'അന്താരാഷ്ട്ര ഗൂഢാലോചന' ആരോപിച്ച യു.പി പൊലീസ് വീണ്ടും കഥ മെനയുന്നു. പ്രതിഷേധങ്ങളിൽ 'നക്സൽ ബന്ധം' ആരോപിക്കാനുള്ള നീക്കത്തിലാണ് യോഗിയുടെ പൊലീസ്.
നക്സലൈറ്റ് ബന്ധമുള്ള ഒരു സ്ത്രീ പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ടുവെന്നും ഏതാനും ദിവസങ്ങൾ ഇവർക്കൊപ്പം താമസിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ജബൽപൂരിൽ നിന്നുള്ള ഡോക്ടർ കൂടിയായ സ്ത്രീ മാധ്യമങ്ങളോട് ഏത് വിധത്തിൽ പ്രതികരിക്കണമെന്ന് കുടുംബത്തെ പഠിപ്പിച്ചതായി പൊലീസ് ആരോപിക്കുന്നു. ഈ സ്ത്രീക്ക് നക്സൽ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ഇവരുടെ വാദം.
രാജ്കുമാരി എന്ന് പേരുള്ള സ്ത്രീ മരിച്ച പെൺകുട്ടിയുടെ സഹോദരന്‍റെ ഭാര്യയായി അഭിനയിക്കുകയായിരുന്നുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ഇവർ സംസ്ഥാന സർക്കാറിനെ അങ്ങേയറ്റം കുറ്റപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
ദലിത് സംഘടനയായ ഭീം ആർമിയുടെ ഏതാനും പ്രവർത്തകർ സംഭവത്തിന് ശേഷം കുടുംബത്തോടൊപ്പം സ്ഥിരമായി ഉണ്ടെന്നും ഇവരെല്ലാം ചേർന്ന് സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ വിഭാഗീയതക്ക് മരുന്നിടാനും ശ്രമിക്കുകയാണ് പൊലീസ് അവകാശപ്പെടുന്നു. ഇവ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും യുവതിയുടെ അമ്മായി എന്ന് അവകാശപ്പെടുന്ന സ്ത്രീയെ കുറിച്ചുള്ള നിഗൂഢത വെളിപ്പെടുമെന്നും പൊലീസ് പറയുന്നു.
ഹാഥ്റസ് കൊലപാതകത്തിന് പിന്നാലെ യു.പി സർക്കാറിനെ അപകീർത്തിപ്പെടുത്താനും വർഗീയ സംഘർഷമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടക്കുന്നതായി നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. പൊലീസും ഇക്കാര്യം ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് ഹാഥ്റസ് കൊലപാതകത്തിലെ പ്രതിഷേധങ്ങൾക്ക് നക്സൽ ബന്ധം ആരോപിക്കാനുള്ള ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.