ജോഷിമഠിനെ കുറിച്ച് മിണ്ടരുത്, ഐ.എസ്.ആർ.ഒക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്ക്
text_fieldsന്യൂഡൽഹി: ജോഷിമഠിലെ ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നതും വിലക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
ഉത്തരാഖണ്ഡിലെ ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെ.മി താഴ്ന്നുപോയെന്ന ഐ.എസ്.ആർ.ഒയുടെ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ വിലക്ക്. വിവരങ്ങളിൽ സ്ഥാപനങ്ങൾ സ്വയം നടത്തുന്ന വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിരവധി സർക്കാർ സ്ഥാപനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ, ഈ സാഹചര്യങ്ങളെ കുറിച്ചുള്ള ആ സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും അവർ മാധ്യമങ്ങൾക്ക് കൈമാറുന്നു. ഇത് ദുരന്ത ബാധിതരിൽ മാത്രമല്ല, രജ്യത്തെ ആകമാനം ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കും. - ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും അതോറിറ്റി പറയുന്നു.
ജോഷിമഠിലെ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരും വരെ ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ തന്നെ ജോഷിമഠിലെ വിള്ളലിനെ കുറിച്ചുള്ള ഐ.എസ്.ആർ.ഒ റിപ്പോർട്ട് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. റിപ്പോർട്ടിലേക്കുള്ള പി.ഡി.എഫ് ലിങ്കും പ്രവർത്തിക്കുന്നില്ല. ജോഷിമഠിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഇതിന്റെ സാറ്റ്ലെറ്റ് ചിത്രങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.
12 ദിവസത്തിനുള്ളിൽ 5.4 സെന്റി മീറ്ററാണ്, തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, അന്താരാഷ്ട്ര സ്കീയിങ് കേന്ദ്രമായ ഔലി എന്നിവിടങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ് താഴോട്ടുപോയതെന്നാണ് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നത്. 2022 ഏപ്രിൽ മുതൽ നവംബർ വരെ കാലയളവിൽ 8.9 സെന്റീമീറ്ററാണ് താണതെങ്കിൽ ഡിസംബർ 27 മുതൽ ജനുവരി എട്ടുവരെയുള്ള 12 ദിവസത്തിനുള്ളിൽ 5.4 സെന്റി മീറ്റർ താണതായും ഐ.എസ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ പ്രാഥമിക പഠനറിപ്പോർട്ട് പറഞ്ഞിരുന്നു. കാർട്ടോസാറ്റ്-2s ഉപഗ്രഹത്തിൽനിന്നുള്ള ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നത്. ആർമി ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടുന്ന ജോഷിമഠ് പട്ടണത്തിന്റെ മധ്യഭാഗമാണ് കൂടുതൽ താണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.