ഇൻഡ്യ സഖ്യത്തിൽ ഖാർഗെയെ പ്രധാനമന്ത്രിയായി നിർദേശിച്ചു; പിന്നാലെ രാഹുൽ ഗാന്ധി നിതീഷ് കുമാറിനെ വിളിച്ചു
text_fieldsന്യൂഡൽഹി: ഇൻഡ്യ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർന്നതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി. സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പല വിഷയങ്ങളിലും ഇടഞ്ഞുനിൽക്കുന്ന നിതീഷ് കുമാറിനെ അനുനയിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇൻഡ്യ സഖ്യത്തിന്റെ പ്രധാന സൂത്രധാരൻ നിതീഷ് കുമാറാണ്.
സഖ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണം എന്നതടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇൻഡ്യ സഖ്യത്തിലെ നേതാക്കളും നിതീഷ് കുമാറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പേര് മാറ്റണമെന്ന നിർദേശം സോണിയ ഗാന്ധി നിരസിച്ചിരുന്നു. രാഷ്ട്രീയ ജനത ദൾ നേതാവായ മനോജ് ഝായുമായും നിതീഷ് പിണക്കത്തിലാണ്. ഡി.എം.കെ നേതാക്കൾക്ക് മനസിലാകാനായി മനോജ് ഝാ നിതീഷ് കുമാറിന്റെ ഹിന്ദിയിലുള്ള പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തിരുന്നു. ഇതാണ് നിതീഷിനെ ചൊടിപ്പിച്ചത്.
നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയത്തിലും നിതീഷ് വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പരാജയമാണ് വിമർശനത്തിന് കാരണം. ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുമായി സീറ്റ് പങ്കുവെക്കാൻ തയാറാവാത്തതാണ് ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത്.
ഇൻഡ്യ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി പേര് ഉയർന്നതിനു പിന്നാലെ അത് തള്ളി ഖാർഗെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് പ്രധാനമെന്നായിരുന്നു ഖാർഗെയുടെ മറുപടി. പ്രധാനമന്ത്രി മോഹം വെച്ചുപുലർത്തുന്നില്ലെന്ന് പലതവണ പൊതുമധ്യത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട് നിതീഷ് കുമാർ. എന്നാൽ ആ സ്ഥാനത്തേക്ക് ഏറ്റവും പര്യാപ്തനായ ഒരാൾ താനാണെന്നാണ് നിതീഷ് കുമാർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.