റോഹിങ്ക്യകളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി; തിരുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കുമെന്ന കേന്ദ്രസർക്കാർ നിലപാടിനിടെ, അവർക്ക് ഡൽഹിയിൽ ഫ്ലാറ്റ് നൽകി പുനരധിവസിപ്പിക്കുമെന്നും മുഴുസമയ സുരക്ഷ ഒരുക്കുമെന്നും പറഞ്ഞ നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പുലിവാൽ പിടിച്ചു. അങ്ങനെയൊരു പരിപാടിയില്ലെന്നും, സർക്കാറിന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും തിരുത്തിപ്പറയാൻ ആഭ്യന്തര മന്ത്രാലയം നേരിട്ട് രംഗത്തിറങ്ങി.
മ്യാന്മറിൽനിന്ന് പലായനം ചെയ്ത് ഡൽഹിയിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ ഡൽഹി ബക്കർവാലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നിർമിച്ച ഫ്ലാറ്റുകളിൽ പുനരധിവസിപ്പിക്കുമെന്നാണ് മന്ത്രി ഹർദീപ്സിങ് പുരി പറഞ്ഞത്. 'ഇന്ത്യ എപ്പോഴും അഭയാർഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഡൽഹി ബക്കർവാലയിലെ ഫ്ലാറ്റുകളിലേക്ക് റോഹിങ്ക്യൻ അഭയാർഥികളെ മാറ്റും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഡൽഹി പൊലീസിന്‍റെ മുഴുസമയ സുരക്ഷ ഒരുക്കും'- പ്രധാനമന്ത്രി ഓഫിസിനെയും ഡൽഹി പൊലീസിനെയും ടാഗ് ചെയ്ത ട്വീറ്റിൽ മന്ത്രി വിശദീകരിച്ചു. ഇതു സംബന്ധിച്ച മാധ്യമവാർത്തകളും മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. ഡൽഹി ചീഫ് സെക്രട്ടറി, കേന്ദ്ര നഗര വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങി ഉന്നതാധികാര സമിതി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ഈ റിപ്പോർട്ടുകൾ.
മന്ത്രിയെ ശാസിക്കുന്ന വിധമാണ് ആഭ്യന്തര മന്ത്രാലയം തൊട്ടുപിന്നാലെ രംഗത്തിറങ്ങിയത്. റോഹിങ്ക്യൻ അഭയാർഥികളെ ബക്കർവാലയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കുന്നതു വരെ കരുതൽ കേന്ദ്രങ്ങളിൽ പാർപ്പിക്കും. റോഹിങ്ക്യകളെ നിലവിലെ സ്ഥലത്തുനിന്നും മാറ്റണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ റോഹിങ്ക്യകൾ താമസിക്കുന്ന സ്ഥലം കരുതൽ തടവ് കേന്ദ്രമായി പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു.
ഫ്ലാറ്റുകളിൽ പുനരധിവസിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കെതിരെ ആം ആദ്മി പാർട്ടിയും വിശ്വഹിന്ദു പരിഷത്തും രംഗത്തുവന്നിരുന്നു. കേന്ദ്ര സർക്കാറിന്‍റേത് നാണംകെട്ട തീരുമാനമാണെന്ന് ആപ് നേതാക്കൾ പ്രതികരിച്ചു. മന്ത്രിയുടെ പരാമർശം നിർഭാഗ്യകരമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. പുനരധിവസിപ്പിക്കുമെന്ന പ്രസ്താവനയെ റോഹിങ്ക്യകൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, തങ്ങളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സർക്കുലർ ഇറങ്ങിയാലേ വിശ്വസിക്കാനാവൂ എന്നും അവർ അഭിപ്രായപ്പെട്ടു. മതിയായ രേഖകളില്ലെന്ന വിശദീകരണത്തോടെ 2018 മുതൽ ചുരുങ്ങിയത് 17 പേരെ കരുണയില്ലാതെ മ്യാൻമറിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തിരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.