മോദിക്ക് പിന്നാലെ ‘ദ സബർമതി റിപ്പോർട്ടി’നെ പുകഴ്ത്തി അമിത് ഷാ; ‘സത്യം ഒരുനാൾ വെളിച്ചത്ത് വരും’
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ ‘ദ സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യം ഒരുനാൾ വെളിച്ചത്ത് വരുമെന്ന് അമിത് ഷാ വ്യക്തമാക്കി.
എത്ര ശ്രമിച്ചാലും സത്യത്തെ എന്നെന്നേക്കുമായി ഇരുട്ടിൽ മറക്കാൻ കഴിയില്ല. സബർമതി റിപ്പോർട്ട് എന്ന സിനിമ സമാനതകളില്ലാത്ത ധൈര്യത്തോടെ വ്യവസ്ഥയെ വെല്ലുവിളിക്കുകയും നിർഭാഗ്യകരമായ എപ്പിസോഡിന്‍റെ പിന്നിലെ സത്യത്തെ പകൽ വെളിച്ചത്തിൽ തുറന്നു കാട്ടുകയും ചെയ്യുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
‘സബർമതി റിപ്പോർട്ട് ’എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമമായ ‘എക്സി’ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര മോദിയുടെ പരാമാർശം. വ്യാജ ആഖ്യാനങ്ങൾ കുറച്ചുകാലം മാത്രമേ നിലനിൽക്കൂവെന്നും ഒടുവിൽ സത്യം പുറത്തുവരുമെന്നും മോദി ‘എക്സി’ൽ കുറിച്ചു.
സബർമതി എക്സ്പ്രസിലെ യാത്രക്കാരെ ക്രൂരമായി ചുട്ടുകൊന്നത് ‘ഒരു നേതാവിന്റെ’ പ്രതിച്ഛായ മോശമാക്കാൻ ചില നിക്ഷിപ്ത താൽപര്യക്കാർ രാഷ്ട്രീയ ആയുധമാക്കിയെന്നും മോദിയെ സൂചിപ്പിച്ച് ‘എക്സ്’ ഉപയോക്താവ് പോസ്റ്റിൽ കുറിച്ചിരുന്നു. പറഞ്ഞത് വളരെ ശരിയാണെന്നും സാധാരണക്കാർക്ക് കാണാവുന്നതരത്തിൽ സത്യം പുറത്തുവരുന്നത് നല്ലതാണെന്നും മോദി കുറിച്ചു.
ധീരജ് സർണ സംവിധാനം ചെയ്ത സിനിമയിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ ആദ്യദിനം 1.69 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.