അരുണാചലിലെ ചക്മ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്ര തീരുമാനം
text_fieldsന്യൂഡൽഹി: മ്യാന്മർ വിട്ട് ഇന്ത്യയിലെത്തിയ 40,000 റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ലക്ഷത്തോളം വരുന്ന ചക്മ, ഹജോങ് അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ ഒരുങ്ങുന്നു. മ്യാന്മർ പട്ടാളത്തിെൻറയും ബുദ്ധമതക്കാരുടെയും അതിക്രമങ്ങളെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലിംകൾക്ക് പലായനം ചെയ്യേണ്ടിവരുന്നത്. ഇക്കാര്യത്തിൽ മ്യാന്മറിനൊപ്പം നിൽക്കുന്ന കേന്ദ്ര സർക്കാർ പൗരത്വം അനുവദിക്കാൻ പോകുന്ന ചക്മ, ഹജോങ് അഭയാർഥികൾ ബംഗ്ലാദേശിൽനിന്ന് അരുണാചൽപ്രദേശിൽ തമ്പടിച്ച ബുദ്ധമതക്കാരും ഹിന്ദുക്കളുമാണ്.
ഇവർക്ക് പൗരത്വം അനുവദിക്കുന്ന വിഷയം ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ യോഗം നടന്നു. ചക്മ, ഹജോങ് അഭയാർഥികളെ കുടിയിരുത്തിയത് കോൺഗ്രസാണെന്നും അവരെ മറ്റെവിടെയെങ്കിലും പാർക്കാൻ വിടേണ്ടതായിരുന്നുവെന്നും അരുണാചൽപ്രദേശുകാരനായ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറയുന്നു. തദ്ദേശവാസികളുടെ സമ്മതംകൂടാതെയാണ് അവരെ അവിടെ പാർപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 2015ൽ ചക്മകൾക്ക് പൗരത്വം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ചക്മകൾക്ക് പൗരത്വം നൽകുന്നത് സംസ്ഥാനത്തിെൻറ ജനാനുപാത രീതി തകർക്കുമെന്ന് ബി.ജെ.പി സർക്കാറിനെ നയിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി പെമ ഖണ്ഡു ആഭ്യന്തര മന്ത്രിയെ കണ്ട് പരാതിപ്പെട്ടിട്ടുണ്ട്. ചക്മകൾക്ക് പൗരത്വം നൽകിയാൽ അരുണാചൽപ്രദേശിലെ തദ്ദേശീയ ഗോത്രവർഗക്കാർ ന്യൂനപക്ഷമായി മാറുമെന്നും ‘പുറംനാട്ടുകാർ’ തൊഴിലവസരങ്ങളും മറ്റും തട്ടിയെടുക്കുമെന്നും സംസ്ഥാനത്തെ വിദ്യാർഥി സംഘടനകളും മറ്റും പറയുന്നു.
അതൊഴിവാക്കാൻ പാകത്തിൽ, ചക്മകൾക്ക് സ്വന്തമായി ഭൂമി അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു. ഉൾനാടുകളിലും മറ്റും താമസിക്കുന്ന അഭയാർഥികൾക്ക് ഇന്നർ ലൈൻ പെർമിറ്റ് നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അരുണാചലിലേക്ക് പോകാൻ തദ്ദേശവാസികളല്ലാത്തവർക്ക് ഇൗ പെർമിറ്റ് ആവശ്യമാണ്.
തദ്ദേശീയ ജനതയുടെ അവകാശം സംരക്ഷിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
ആരാണ് ചക്മകൾ
ന്യൂഡൽഹി: കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ ചിറ്റഗോങ് പർവതപ്രദേശവാസികളാണ് ചക്മ, ഹാജോങ് വിഭാഗക്കാർ. 1960കളിൽ കാപ്തായ് ഡാം നിർമാണത്തെ തുടർന്നാണ് ഇവർക്ക് വാസസ്ഥലം നഷ്ടമായത്. തുടർന്ന് മിസോറം വഴി ഇന്ത്യയിലേക്ക് കുടിയേറി. ചക്മകൾ ബുദ്ധമതക്കാരും ഹജോങ്ങുകൾ ഹിന്ദുക്കളുമാണ്. മതപരമായ ആക്രമണങ്ങൾക്കും ഇവർ വിധേയരായിരുന്നു.
1964-69 കാലത്ത് രാജ്യത്ത് 5000 അഭയാർഥികളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഒരു ലക്ഷത്തോളം വരും. അരുണാചൽപ്രദേശിനുപുറമേ ത്രിപുര, മിസോറം, അസം, മേഘാലയ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ചക്മകളിൽ ഏറെ പേരും യു.എൻ അഭയാർഥി ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ പല ആനുകൂല്യങ്ങൾക്കും അർഹരല്ല. തുടക്കത്തിലെ 14,888 കുടിയേറ്റക്കാരിൽ 5000 പേർ മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കിയുള്ളവർ ഇവിടെ ജനിച്ചവരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. 2005ൽ ചക്മ, ഹജോങ് അഭയാർഥികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷൻ നടത്തിയ നീക്കത്തെ അരുണാചൽ പ്രദേശ് വിദ്യാർഥി യൂനിയൻ എതിർത്തുവെങ്കിലും 1497 പേരെ വോട്ടർപട്ടികയിൽ പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.