‘ഭാഷ വെറുപ്പിനുള്ളതല്ല’, ഹിന്ദി പഠിക്കണം; പവൻ കല്യാണിന് പിന്തുണയുമായി ചന്ദ്രബാബു നായിഡു
text_fieldsതമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനെ വിമർശിച്ച ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ പിന്തുണച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ഹിന്ദി പഠിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച നായിഡു, ഭാഷ വെറുപ്പിനുള്ളതല്ലെന്ന് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാറും തമ്മിൽ തുടരുന്ന തർക്കത്തിനിടയിലാണ് ചന്ദ്രബാബു നായിഡുവിന്‍റെ പരാമർശം.
കഴിയുന്നത്ര ഭാഷകൾ പഠിക്കണം. ഭാഷകളെച്ചൊല്ലിയുള്ള അനാവശ്യ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കണം. ഭാഷ വെറുപ്പിനുള്ളതല്ല. ആന്ധ്രാപ്രദേശിൽ മാതൃഭാഷ തെലുങ്കാണ്. ഹിന്ദി ദേശീയ ഭാഷയും അന്താരാഷ്ട്ര ഭാഷ ഇംഗ്ലീഷുമാണ് -നിയമസഭയെ അഭിസംബോധന ചെയ്ത് നായിഡു പറഞ്ഞു.
മാതൃഭാഷ മറക്കാതെ, ഉപജീവനത്തിനായി കഴിയുന്നത്ര ഭാഷകൾ പഠിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ദ്ധ്യം ജീവിതത്തിൽ മികവ് പുലർത്താൻ സഹായിക്കുമെന്ന ധാരണയെ നായിഡു തള്ളിക്കളഞ്ഞു. അത് ഒരു തെറ്റിദ്ധാരണയാണെന്നും മാതൃഭാഷയിൽ പഠിക്കുന്ന ആളുകൾ മാത്രമാണ് ലോകമെമ്പാടും മികവ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തെ ശക്തമായി എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 'തമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്’ എന്ന് പവൻ കല്യാൺ പറഞ്ഞതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ പരാമർശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.