പോപ്കോണിനു ശേഷം ‘ജി.എസ്.ടി രോഗ’ ഭീതിയിൽ ഡോണറ്റ്സെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഓരോ ഭക്ഷ്യവിഭവത്തിനും വ്യത്യസ്ത ജി.എസ്.ടി നിരക്കുകൾ നടപ്പാക്കുന്ന സർക്കാർ നിലപാടിനെതിരെ പരിഹാസവുമായി കോൺഗ്രസ്. പോപ്കോണിനുശേഷം ഇപ്പോൾ ‘ജി.എസ്.ടി രോഗം’ പിടികൂടിയിരിക്കുന്നത് ഡോണറ്റ്സിനെയാണെന്നാണ് വിമർശനം.
സിംഗപ്പുർ ആസ്ഥാനമായ ‘മാഡ് ഓവർ ഡോണറ്റ്സ്’ എന്ന കമ്പനിക്ക് കഴിഞ്ഞ ദിവസം 100 കോടിയുടെ നികുതി നോട്ടീസ് ലഭിച്ചിരുന്നു. തങ്ങളുടെ ഉൽപന്നം തരം മാറ്റി റസ്റ്റാറന്റ് സേവനമാക്കി കാണിച്ച് അഞ്ചുശതമാനം നികുതി ഒടുക്കിയെന്നും ബേക്കറി ഇനമായതിനാൽ 18 ശതമാനം നികുതി ഒടുക്കാതെ വെട്ടിപ്പ് നടത്തിയെന്നുമാണ് നോട്ടീസിലുള്ളത്. ഇതിനെക്കുറിച്ച മാധ്യമ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ‘പോപ്കോണിനു ശേഷം ജി.എസ്.ടി ബാധ പിടികൂടിയിരിക്കുന്നത് ഡോണറ്റ്സിനെയാണെന്ന്’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചത്.
പോപ്കോണിന് മാത്രം മൂന്നുതരം നികുതിയെന്നത് ജി.എസ്.ടിയിലെ സങ്കീർണതകൾ വ്യക്തമാക്കുന്നെന്നും സമ്പൂർണ അഴിച്ചുപണി നടത്തി ജി.എസ്.ടി 2.0 നടപ്പാക്കാൻ സമയമായെന്നും കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
നിരക്കുകൾ ഇനിയും കുറയുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശത്തോട് നിരക്കിളവല്ല, സമ്പൂർണ അഴിച്ചുപണിയാണ് വേണ്ടതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.